യുദ്ധഭീതിയിൽ വിമാനം റദ്ദായി, എയർപോർട്ടിൽനിന്ന് പ്രവാസി ഇന്ത്യക്കാരന്റെ മൃതദേഹം തിരിച്ചയച്ചു

Published : Jun 25, 2025, 02:56 PM IST
indian dead body

Synopsis

റിയാദിൽ ആത്മഹത്യ ചെയ്ത ബിഹാർ സ്വദേശിയുടെ മൃതദേഹമാണ് വിമാനത്താവളത്തിൽനിന്ന് തിരിച്ചയച്ചത്

റിയാദ്: ഖത്തറിലെ യുഎസ് വ്യോമതാവളം ഇറാൻ ആക്രമിച്ചതിനെ തുടർന്നുണ്ടായ യുദ്ധഭീതിയിൽ വിമാന സർവിസുകൾ റദ്ദായപ്പോൾ മൃതദേഹങ്ങളും വഴിയിലായി. റിയാദിൽനിന്ന് ഡൽഹിയിലേക്ക് കൊണ്ടുപോകേണ്ട ബിഹാർ സ്വദേശിയുടെ മൃതദേഹം വിമാനത്താവളത്തിൽനിന്ന് തിരിച്ച് മോർച്ചറിയിലെത്തി. റിയാദിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച ബിഹാർ കൃഷ്ണ ഗഞ്ച് സ്വദേശി മുഹമ്മദ് മൻജൂർ അബ്ദുറഹ്മാൻ്റെ (49) മൃതദേഹത്തിനാണ് ഈ ദുര്യോഗം.

ചൊവ്വാഴ്ച വൈകീട്ട് 5.25ന് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ കൊണ്ടുപോകാൻ പുലർച്ചെ തന്നെ റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെ കാർഗോ ഡിവിഷനിൽ എത്തിച്ചതായിരുന്നു. എന്നാൽ, പല രാജ്യങ്ങളും വ്യോമ പാത അടച്ച സാഹചര്യത്തിൽ എയർ ഇന്ത്യയുടെയും നിരവധി സർവിസുകൾ റദ്ദാക്കിയിരുന്നു. വിമാന സർവിസുകൾ എപ്പോൾ പുനരാരംഭിക്കുമെന്നും അടുത്ത വിമാനം എന്നുകിട്ടുമെന്നും നിശ്ചയിമില്ലാത്തതിനാൽ മൃതദേഹം റിയാദിലെ ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് തന്നെ തിരിച്ചെത്തിക്കുകയായിരുന്നു.

റിയാദിലെ ദാഖൽ മഅദൂദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന മുഹമ്മദ് മൻജൂർ ഈ മാസം രണ്ടിനാണ് ജീവനൊടുക്കിയത്. പൊലീസ് മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറികളിൽ രണ്ടാഴ്ചയിൽ കൂടുതൽ സൂക്ഷിക്കാൻ പാടില്ലെന്നാണ് പുതിയ നിയമം. 10 ദിവസം കഴിഞ്ഞിട്ടും ആരും എത്താത്തതിനാൽ റിയാദ് പൊലീസ് സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാടിനെയും ഇന്ത്യൻ എംബസിയെയും ബന്ധപ്പെട്ട് അനന്തര നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു.

മരിച്ചയാളുടെ കുടുംബം റിയാദിലുള്ള ഒരു ബന്ധുവിനെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും അയാളുടെ ജോലിയും മറ്റുമായ പ്രതികൂല സാഹചര്യങ്ങളാൽ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ ശിഹാബിൻ്റെ ശ്രമഫലമായി മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള നടപടികളെല്ലാം പൂർത്തിയാക്കി. ചൊവ്വാഴ്ച വൈകീട്ട് റിയാദിൽനിന്ന് ഡൽഹിയിലേക്കും ബുധനാഴ്ച രാവിലെ അവിടെനിന്ന് പട്നയിലേക്കുമുള്ള എയർ ഇന്ത്യ വിമാനങ്ങളിൽ കൊണ്ടുപോകാനുള്ള ടിക്കറ്റുകളും ശരിയായി. ഇന്ത്യൻ എംബസിയാണ് ഇതിനാവശ്യമായ ചെലവ് വഹിച്ചതും. എന്നാൽ വിമാനം റദ്ദായെന്ന് അറിയുന്നത് മൃതദേഹം വിമാനത്താവളത്തിൽ എത്തിച്ചപ്പോഴാണ്. മൃതദേഹം വീണ്ടും ശുമൈസി മോർച്ചറിയിലെത്തിച്ചു. നാട്ടിൽ കുടുംബം പട്ന വിമാനത്താവളത്തിൽനിന്ന് മൃതദേഹം സ്വീകരിക്കാൻ ആംബുലൻസുമായി എത്താനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയാക്കി. പട്നയിലേക്ക് 12 മണിക്കൂർ യാത്രാദൂരമുണ്ടത്രെ.

മരിച്ചിട്ട് ഇപ്പോൾ 22 ദിവസം കഴിഞ്ഞു. ഇറാനും ഇസ്രായേലും വെടിനിർത്തലിൽ എത്തിയ സാഹചര്യത്തിൽ വളരെ പെട്ടന്നുതന്നെ വിമാന സർവിസുകൾ സാധാരണ നിലയിലാവുമെന്നും വൈകാതെ കൊണ്ടുപോകാനാവുെമന്നുമുള്ള പ്രതീക്ഷയിലാണ് സാമൂഹികപ്രവർത്തകർ. മരിച്ച മുഹമ്മദ് മൻജൂറിന് ഭാര്യയും നാല് മക്കളും ഉമ്മയുമുണ്ട്. പിതാവ് നേരത്തെ മരിച്ചുപോയി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രാഫിക് പരിശോധന കർശനം, ഒരാഴ്ചയ്ക്കിടെ വിവിധ നിയമലംഘനങ്ങൾക്ക് 404 വാഹനങ്ങൾ കുവൈത്തിൽ പിടിച്ചെടുത്തു
റമദാനിൽ വാഹനാപകടങ്ങൾ കൂടുതൽ നടക്കുന്നത് ഉച്ചനേരങ്ങളിലെന്ന് കണക്ക്