
കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്നുമായി പ്രവാസി പിടിയിൽ. ജാബ്രിയയിലെ അന്വേഷണ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. ഒരു കുവൈത്ത് പൗരന്റെ കീഴിൽ ഡ്രൈവറായാണ് ഇയാൾ ജോലി ചെയ്ത് വന്നിരുന്നത്. മയക്കുമരുന്ന് കൈവശം വെച്ചതിനും വിതരണം ചെയ്തതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി.
ആർട്ടിക്കിൾ 20 റസിഡൻസി പെർമിറ്റുള്ള ഒരു വിദേശി കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്നതായി അന്വേഷണ ഉദ്യോഗസ്ഥർക്ക രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഗാര്‍ഹിക തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഇയാൾ ജാബ്രിയയിലെ തന്‍റെ സ്പോൺസറുടെ വീട്ടിലെ മുറി മയക്കുമരുന്ന് സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
നിരീക്ഷണത്തിലൂടെയും കൂടുതൽ അന്വേഷണങ്ങളിലൂടെയും വിവരങ്ങളുടെ കൃത്യത സ്ഥിരീകരിച്ച ശേഷമാണ് ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്തത്. കൂടാതെ അയാളുടെ താമസസ്ഥലവും സ്പോൺസറുടെ വാഹനവും പരിശോധിക്കുകയും ചെയ്തു. പരിശോധനയിൽ ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്ന് ഏഴ് പാക്കറ്റ് ഷാബു (മെത്താംഫെറ്റാമൈൻ), വിവിധ രാസവസ്തുക്കൾ എന്നിവ കണ്ടെത്തി. ഡ്രൈവറുടെ മുറിയിൽ നിന്നും ക്രിസ്റ്റൽ മെത്ത്, മയക്കുമരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ, ഒരു ഡിജിറ്റൽ വെയിംഗ് സ്കെയിൽ, മയക്കുമരുന്ന് വിൽപ്പനയിൽ നിന്നുള്ള പണം എന്നിവയും പിടിച്ചെടുത്തു.
മയക്കുമരുന്ന് വിതരണം നടത്തിയിരുന്നതായി പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. എന്നാൽ, മയക്കുമരുന്ന് ഇയാൾക്ക് നൽകുന്ന വിതരണക്കാരന്റെ ഐഡന്റിറ്റിയെക്കുറിച്ചോ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിലെ ലോജിസ്റ്റിക്സിനെക്കുറിച്ചോ തനിക്ക് അറിവില്ലെന്ന് ഉദ്യോഗസ്ഥരോട് പ്രതി വ്യക്തമാക്കി. കൂടുതൽ നടപടികൾ സ്വീകരിക്കുന്നതിനായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ