ലൈസന്‍സില്ലാതെ ബാലന്‍ ഓടിച്ച വാഹനം അപകടത്തില്‍പെട്ടു; അച്ഛന്‍ നഷ്‍ടപരിഹാരം നല്‍കാന്‍ കോടതി വിധി

By Web TeamFirst Published Jan 19, 2021, 5:59 PM IST
Highlights

അച്ഛന്റെ ഉടമസ്ഥതയിലുള്ള കാര്‍, മകന്‍ നിയമവിരുദ്ധമായി ഓടിക്കുകയും അശ്രദ്ധമായി വാഹനം തന്റെ കാറിലേക്ക് ഇടിച്ചുകയറ്റുകയുമായിരുന്നെന്ന് പരാതിയില്‍ ആരോപിച്ചു. 

റാസല്‍ഖൈമ: ലൈസന്‍സില്ലാതെ ബാലന്‍ ഓടിച്ച വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ നഷ്‍ടപരിഹാരം നല്‍കാന്‍ കോടതി വിധി. അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ച വാഹനത്തിന്റെ ഉടമയായ ഗള്‍ഫ് പൗരനാണ്‌ കോടതിയെ സമീപിച്ചത്.

തന്റെ വാഹനത്തിനുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പകരമായി 9850 ദിര്‍ഹം നഷ്‍ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. അച്ഛന്റെ ഉടമസ്ഥതയിലുള്ള കാര്‍, മകന്‍ നിയമവിരുദ്ധമായി ഓടിക്കുകയും അശ്രദ്ധമായി വാഹനം തന്റെ കാറിലേക്ക് ഇടിച്ചുകയറ്റുകയുമായിരുന്നെന്ന് പരാതിയില്‍ ആരോപിച്ചു. ലൈസന്‍സില്ലാതെ കാറോടിച്ചതില്‍ കുട്ടി കറ്റക്കാരനാണെന്ന് നേരത്തെ തന്നെ റാസല്‍ഖൈമ ട്രാഫിക് കോടതി വിധിച്ചിരുന്നു. പരാതിക്കാരന്റെ കാര്‍ റിപ്പയര്‍ ചെയ്‍തുകൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.

വാഹനം നന്നാക്കാന്‍ തനിക്ക് 8800 ദിര്‍ഹം ചെലവാക്കേണ്ടിവന്നുവെന്ന് കാറുടമ കോടതിയില്‍ പറഞ്ഞു. അഞ്ച് ദിവസത്തേക്ക് മറ്റൊരു കാര്‍ വാടകയ്ക്ക് എടുക്കാന്‍ 750 ദിര്‍ഹം ചെലവായി. ഇതിന് പുറമെ കോടതി ചെലവുകള്‍ക്കായി 350 ദിര്‍ഹവും ചെലവഴിക്കേണ്ടിവന്നുവെന്ന് ഇയാള്‍ വാദിച്ചു. 

അപകടത്തില്‍ സാമ്പത്തിക നഷ്‍ടം സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയ കോടതി, പരിശോധനക്കായി ഒരു ട്രാഫിക് വിദഗ്ധനെ നിയമിച്ചു. ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം വാഹനത്തിനുള്ള തകരാര്‍ പരിഹരിക്കാന്‍ 2050 ദിര്‍ഹമാണ് ചെലവെന്ന് കോടതി കണ്ടെത്തുകയും തുടര്‍ന്ന് കുട്ടിയുടെ പിതാവ് 2500 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് വിധിക്കുകയുമായിരുന്നു.

click me!