
റിയാദ്: ലോകഫുട്ബോളിലെ ഏറ്റവും വലിയ ആവേശപ്പോരിന് സൗദി ഒരുങ്ങി. ലാറ്റിനമേരിക്കന്‍ കരുത്തന്മാരും ചിരവൈരികളുമായ അര്‍ജന്‍റീനയുടെ ബ്രസീലും തമ്മിലാണ് സൗദിയില്‍ ഏറ്റുമുട്ടുന്നത്. ഇന്ന് സൗദി സമയം രാത്രി എട്ട് മണിക്കാണ് ( ഇന്ത്യന്‍ സമയം 10.30) മത്സരം നടക്കുക. പോരാട്ടം തീപാറിക്കാൻ ലയണൽ മെസിയുൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ റിയാദിലെത്തി കഴിഞ്ഞു.
റിയാദ് കിങ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് കാൽപന്ത് യുദ്ധം നടക്കുക. റിയാദ് സീസണ്‍ ആഘോഷങ്ങളുടെ ഭാഗമാണ് മത്സരം. ഇരു ടീമുകളുടെയും താരങ്ങളെല്ലാം വ്യാഴാഴ്ച രാത്രി തന്നെ റിയാദിലെത്തി. മെസിക്ക് ഉൾപ്പെടെ വൻ വരവേൽപാണ് ലഭിച്ചത്. കോപ്പ അമേരിക്ക ഫുട്‌ബോളിന് ശേഷമുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് വിലക്കുണ്ടായിരുന്ന മെസി വീണ്ടും അര്‍ജന്‍റീനിയന്‍ ടീമിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയാണ് ഇന്നത്തെ മത്സരത്തിന്‍റെ പ്രധാന ആവേശം.
ബ്രസീലിയൻ സൂപ്പർ താരം നെയ്മർ പരിക്ക് കാരണം ടീമിലുണ്ടാവില്ലെന്നത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. മെസി - നെയ്മർ പോരാട്ടം എന്ന നിലയിൽ തുടക്കം മുതലേ സൗദിയിലെ കാൽപന്ത് കളിയുടെ ആരാധകർ വൻ ആവേശത്തിലായിരുന്നു. എന്നാൽ ഇരു ടീമിലെയും മറ്റുള്ള വൻ താരങ്ങളെല്ലാം സൗദിയില്‍ എത്തിയിട്ടുണ്ട്.
കുടീഞ്ഞോ, തിയോഗോ സില്‍വ അടക്കമുള്ള താരങ്ങളാണ് ആദ്യം വിമാനമിറങ്ങിയത്. ഓൺലൈനിൽ വിൽപന ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ ടിക്കറ്റ് മുഴുവൻ വിറ്റുപോയിരുന്നു. 25,000 ഇരിപ്പിടമാണ് കിങ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുള്ളത്. 200 മുതല്‍ 5000 വരെ റിയാലായിരുന്നു ടിക്കറ്റ് നിരക്ക്. ഇന്ന് നാല് മണി മുതല്‍ സ്റ്റേഡിയത്തിന്‍റെ വാതിലുകൾ തുറക്കും. രണ്ടാം തവണയാണ് ബ്രസീലും അർജന്‍റീനയും സൗദി മണ്ണിലേറ്റുമുട്ടുന്നത്. കഴിഞ്ഞ തവണ ബ്രസീലിനായിരുന്നു ജയം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam