
റിയാദ്: സൗദിയിലുള്ള 72 ലക്ഷം വിദേശികളിൽ 26 ലക്ഷവും തൊഴിൽ വൈദഗ്ധ്യമില്ലാത്തവരെന്ന് തൊഴില്‍ മന്ത്രാലയം. ആകെയുള്ളതിൽ മൂന്നിലൊന്നും തൊഴിൽ വൈദഗ്ധ്യമില്ലാത്തവരെന്ന അവസ്ഥയ്ക്ക് മാറ്റം വരേണ്ടതുണ്ടെന്നും തൊഴിൽ പരീക്ഷ ഏർപ്പെടുത്തുന്നത് അതിനാണെന്നും സൗദി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. 31 ലക്ഷം പേർക്ക് ഡിപ്ലോമ പോലും വിദ്യാഭ്യാസ യോഗ്യതയായി ഇല്ലാത്ത അവസ്ഥയാണ്. 16 ലക്ഷം പേർ പ്രാന്തവല്‍ക്കൃത ജോലികളാണ് ചെയ്യുന്നത്.
രാജ്യത്ത് ആകെയുള്ള വിദേശ തൊഴിലാളികളിൽ മൂന്നിലൊന്ന് തൊഴിൽ വൈദഗ്ധ്യമില്ലാത്ത അവസ്ഥയ്ക്ക് മാറ്റമുണ്ടാകേണ്ടതുണ്ട്. മന്ത്രാലയം അതിനായി പുതിയൊരു പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുകയാണ്. നൈപുണ്യം പരിശോധിക്കുന്ന തൊഴിൽ പരീക്ഷാപദ്ധതി അടുത്ത മാസം മുതൽ ആരംഭിക്കും. താത്വികവും പ്രായോഗികവുമായ വിഷയങ്ങൾ ഉൾപ്പെടുന്ന ഒരു പാഠ്യപദ്ധതി പ്രകാരമാണ് പരീക്ഷ നടത്തിപ്പ്.
ഏഴ് രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കാണ് പരീക്ഷ നിർബന്ധമാകുക. ഇന്ത്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, ഇന്തോനേഷ്യ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് നൈപുണ്യ പരിശോധന നേരിടേണ്ടി വരികയെന്നും രാജ്യത്തിന് ആവശ്യമായ വിദേശി തൊഴിലാളികളിൽ 95 ശതമാനവും റിക്രൂട്ട് ചെയ്യപ്പെടുന്നത് ഈ രാജ്യങ്ങളിൽ നിന്നാണെന്നും അദ്ദേഹം വിശദീകരിച്ചു.
മധ്യ, പടിഞ്ഞാറൻ, കിഴക്കൻ, തെക്കൻ മേഖലകളിലായി രാജ്യത്ത് മൊത്തം എട്ട് പരിശീലന കേന്ദ്രങ്ങൾ ഇതിനായി സജ്ജീകരിക്കും. തിയറി പരീക്ഷ അറബിക്, ഹിന്ദി, ഉറുദു, ഫിലിപ്പിനോ ഭാഷകളിലാവും. ഓരോ വർഷവും നാല് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെയാളുകള്‍ക്ക് പരീക്ഷ നടത്തും. 400നും 500നും ഇടയിൽ റിയാൽ ഫീസ് തൊഴിലാളികൾ നൽകണം. പരീക്ഷ പാസാകുന്നവർക്ക് അഞ്ചു വർഷ കാലാവധിയുള്ള തൊഴിൽ നൈപുണ്യ സർട്ടിഫിക്കറ്റ് നൽകും.
പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് അവരവരുടെ രാജ്യങ്ങളിലിരുന്ന് തന്നെ ഈ പരീക്ഷയിൽ പങ്കെടുക്കാനും അവസരമുണ്ടാകും. പരീക്ഷ വിജയിച്ച് സർട്ടിഫിക്കറ്റുമായി സൗദി അറേബ്യയിലെത്താൻ കഴിയുന്ന അവസരമാണുണ്ടാവുക. അഞ്ചു ഘട്ടമായാണ് പ്രാരംഭത്തിൽ പരീക്ഷ നടത്തുക.
പിന്നീട് ഇത് പതിവ് നടപടിക്രമമാക്കും. ഈ വർഷം ഡിസംബറിലാണ് പരീക്ഷയുടെ തുടക്കം. ആദ്യം ഇന്ത്യക്കാരെയാണ് പരീക്ഷയ്ക്ക് വിധേയമാക്കുക. 2021 ഡിസംബറിനുള്ളിൽ ബാക്കി നാലുഘട്ടങ്ങളിലായി ഫിലിപ്പീൻസ്, ശ്രീലങ്ക, ഇന്തോനേഷ്യ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും പരീക്ഷ നടത്തുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam