വീഡിയോ ഗെയിമില്‍ ജയിച്ചതിനെച്ചൊല്ലി തര്‍ക്കം; സഹോദരന്‍മാരുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിയുടെ കണ്ണ് നഷ്ടമായി

By Web TeamFirst Published Dec 12, 2020, 10:48 PM IST
Highlights

അല്‍ മിഷാര്‍ പരിസരത്തെ സ്‌കൂളിന് സമീപം കാണാമെന്ന് വിദ്യാര്‍ത്ഥി സമ്മതിച്ചു. സഹോദരന്മാരെ കാണാന്‍ പുറപ്പെട്ടെങ്കിലും ഇവരുടെ ഫോണ്‍ വിളികളില്‍ സംശയം തോന്നിയ വിദ്യാര്‍ത്ഥി തിരികെ വീട്ടിലേക്ക് മടങ്ങാനൊരുങ്ങി.

ദുബൈ: വീഡിയോ ഗെയിമില്‍ ജയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ആക്രമിച്ച രണ്ട് അറബ് സഹോദരന്മാര്‍ക്കെതിരെ ദുബൈ കോടതിയില്‍ വിചാരണ തുടങ്ങി. കത്തി കൊണ്ടുള്ള ആക്രമണത്തില്‍ വിദ്യാര്‍ത്ഥിയുടെ വലത് കണ്ണിന് സ്ഥിരമായി വൈകല്യമുണ്ടായതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 

കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സഹോദരന്മാരില്‍ ഇളയ ആളെയാണ് ഓണ്‍ലൈന്‍ വീഡിയോ ഗെയിമില്‍ ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥി തോല്‍പ്പിച്ചത്. തുടര്‍ന്ന് ഇരുവരും ഇതേച്ചൊല്ലി ഓണ്‍ലൈന്‍ വഴി തര്‍ക്കമുണ്ടായി. ഗെയിമില്‍ പരാജയപ്പെട്ട സഹോദരന്‍ മറ്റ് സഹോദരങ്ങളോട് ഇക്കാര്യം പറഞ്ഞു. സംഭവ ദിവസം സഹോദരന്മാര്‍ തന്നെ ബന്ധപ്പെട്ടെന്നും വഴക്ക് പറഞ്ഞു തീര്‍ക്കുന്നതിന് നേരിട്ട് കാണണമെന്നും  പറഞ്ഞതായി വിദ്യാര്‍ത്ഥി പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തില്‍ വെളിപ്പെടുത്തി.

അല്‍ മിഷാര്‍ പരിസരത്തെ സ്‌കൂളിന് സമീപം കാണാമെന്ന് വിദ്യാര്‍ത്ഥി സമ്മതിച്ചു. സഹോദരന്മാരെ കാണാന്‍ പുറപ്പെട്ടെങ്കിലും ഇവരുടെ ഫോണ്‍ വിളികളില്‍ സംശയം തോന്നിയ വിദ്യാര്‍ത്ഥി തിരികെ വീട്ടിലേക്ക് മടങ്ങാനൊരുങ്ങി. ഈ സമയം നിരവധി വാഹനങ്ങളിലായി 20ഓളം ആളുകള്‍ സ്ഥലത്തേക്കെത്തി. തുടര്‍ന്ന് രണ്ട് സഹോദരന്‍മാരും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ആക്രമിക്കുകയായിരുന്നു. ഇതിലൊരാള്‍ കത്തി കൊണ്ട് വിദ്യാര്‍ത്ഥിയുടെ വലത് കണ്ണില്‍ കുത്തി. എന്നാല്‍ നിലത്തുവീഴും മുമ്പ് സ്ഥലത്തെത്തിയ ചിലര്‍ അക്രമികളില്‍ നിന്ന് വിദ്യാര്‍ത്ഥിയെ രക്ഷിച്ച് കാറില്‍ കയറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ വലത് കണ്ണിന് 35 ശതമാനം സ്ഥിരമായ വൈകല്യം ഉണ്ടായതായി പബ്ലിക് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 
 

click me!