
അബുദാബി: ബലിപെരുന്നാള്‍ ദിനത്തില്‍ നന്മയുടെയും സഹജീവി സ്‌നേഹത്തിന്റെയും മാതൃകയായി പ്രവാസി മലയാളി സഹോദരങ്ങള്‍. ഹജ്ജ് തീര്‍ത്ഥാടനത്തിനായി സൂക്ഷിച്ചിരുന്ന പണം നാട്ടിലെത്താനാകാതെ യുഎഇയില്‍ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരുടെ മടക്കയാത്രയ്ക്ക് നല്‍കിയാണ് എട്ട് മലയാളി സഹോദരങ്ങള്‍ ബലിപെരുന്നാള്‍ അര്‍ത്ഥപൂര്‍ണമാക്കിയത്.
ഏഴ് എമിറേറ്റുകളിലായി കുടുങ്ങിയ പ്രവാസി ഇന്ത്യക്കാര്‍ക്കാണ് അല്‍ ഐനില്‍ താമസിക്കുന്ന സഹോദരങ്ങള്‍ സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കിയത്. സഹോദരങ്ങളിലൊരാളായ അബ്ദുമോന്‍ അബ്ദുല്‍ മജീദാണ് ഇത്തരമൊരു ആശയം മുമ്പോട്ട് വെച്ചത്. മറ്റ് സഹോദരങ്ങളും ഇതിനെ പിന്തുണയ്ക്കുകയായിരുന്നു.
കഴിഞ്ഞ 30ഓളം വര്‍ഷത്തോളമായി അല്‍ ഐനില്‍ ജോലി ചെയ്ത് വരികയാണ് സഹോദരങ്ങളായ മജീദ്, അലി കരീം, ശിഹാബ്, മുഹമ്മദ് ബഷീര്‍, ഫൈസല്‍, ശിഹാബുദ്ദീന്‍ എന്നിവര്‍. സഹോദരങ്ങളില്‍ മറ്റ് രണ്ട്‌പേരായ അബൂബക്കറും മുഹമ്മദ് കുട്ടിയും തിരികെ നാട്ടിലെത്തി ഇനിയുള്ള കാലം മലപ്പുറത്ത് ജീവിക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ്.
മറ്റുള്ളവരെ സഹായിക്കാന്‍ ദൈവം നമുക്ക് പ്രാപ്തി നല്‍കുമ്പോള്‍ നാമത് ചെയ്യണം. ദൈവത്തിന്റെ അനുഗ്രഹം മൂലമാണ് മറ്റുള്ളവരെ സഹായിക്കാനായതെന്ന് അലി കരീം പറഞ്ഞു. പ്രവാസി മടക്കത്തിനായി സഹായം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ എല്ലാ എമിറേറ്റിലെയും പ്രവാസികള്‍ക്ക് തങ്ങളുടെ സഹായം എത്തിക്കണമെന്ന് ഉറപ്പിച്ചിരുന്നെന്ന് കരീം പറയുന്നു. കെഎംസിസി താനൂര്‍ കമ്മിറ്റി അംഗങ്ങളായ തങ്ങളുടെ സേവനം യുഎഇയിലെ കെഎംസിസിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെഎംസിസി പ്രവര്‍ത്തകരായ ഷെരീഫ് എംപിയും അന്‍വര്‍ കെവിയും ചേര്‍ന്നാണ് സൗജന്യ ടിക്കറ്റുകള്‍ നല്‍കുന്നത് ഏകോപിപ്പിച്ചത്. പത്തായപുര സഹോദരങ്ങള്‍ എന്ന് അറിയപ്പെടുന്ന ഇവര്‍ കാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന മലയാളികള്‍ക്ക് ഇവര്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയതായും ഷെരീഫ് 'ഖലീജ് ടൈംസി'നോട് പറഞ്ഞു.
നാട്ടിലെത്താനാകാതെ വിവിധ എമിറേറ്റുകളില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് പുറമെ ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റില്‍ നിന്നുള്ള പ്രവാസികളും സഹോദരങ്ങള്‍ നല്‍കിയ സൗജന്യ ടിക്കറ്റിന്റെ പ്രയോജനം ലഭിച്ചവരില്‍പ്പെടുന്നു. പന്ത്രണ്ടോളം പ്രവാസികള്‍ക്ക് ഇവര്‍ നല്‍കിയ സൗജന്യ ടിക്കറ്റ് ലഭിച്ചതായി കെഎംസിസി അംഗം ഷെരീഫ് കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam