വന്‍ കവര്‍ച്ച നടത്തി രാജ്യം വിടാന്‍ ശ്രമിച്ചു; പ്രതികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി ദുബൈ പൊലീസ്

By Web TeamFirst Published Oct 4, 2020, 7:59 PM IST
Highlights

37കാരനായ സ്വദേശി പുറത്തുപോയ സമയത്ത് വീടിനുള്ളില്‍ അതിക്രമിച്ച് കയറിയ സംഘം 250,000 ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണവും 70,000 ദിര്‍ഹവും മോഷ്ടിച്ചു.

ദുബൈ: ദുബൈയിലെ വില്ലയില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന പ്രതികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി പൊലീസ്. കവര്‍ച്ച നടത്തി രാജ്യം വിടാന്‍ ശ്രമിച്ച ദക്ഷിണാഫ്രിക്കന്‍ സ്വദേശിയെയും മറ്റ് നാലുപേരെയുമാണ് പൊലീസ് പിടികൂടിയത്.

മോഷണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശി പിടിയിലായത്. അല്‍ റാഷിദിയയിലെ ഒരു വില്ലയില്‍ നിന്നാണ് 40കാരനായ വിദേശിയും നാലുപേരും ചേര്‍ന്ന് മോഷണം നടത്തിയതെന്നും ഇവരെ 24 മണിക്കൂറിനുള്ളില്‍ പിടികൂടുകയായിരുന്നെന്നും ദുബൈ പ്രാഥമിക കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.

ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 37കാരനായ സ്വദേശി പുറത്തുപോയ സമയത്ത് വീടിനുള്ളില്‍ അതിക്രമിച്ച് കയറിയ സംഘം 250,000 ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണവും 70,000 ദിര്‍ഹവും മോഷ്ടിച്ചു. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മോഷണം നടന്നെന്ന് കണ്ടെത്തി പൊലീസില്‍ അറിയിക്കുകയായിരുന്നെന്ന് വീടിന്‍റെ ഉടമ പറഞ്ഞു. 

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയ പ്രതികളിലൊരാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിച്ച പണവും സ്വര്‍ണവും ഇവരുടെ പക്കല്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. വീടിന്റെ പിന്‍വശത്തെ ജനാല തകര്‍ത്താണ് പ്രതികള്‍ അകത്തുകയറിയത്. ഒരു ദക്ഷിണാഫ്രിക്കന്‍ സ്വദേശി, മൂന്ന് ടാന്‍സാനിയ സ്വദേശികള്‍, ഒരു ബംഗ്ലാദേശി എന്നിവരാണ് അറസ്റ്റിലായത്. മോഷണം, വീടിന്റെ ജനാലയും വാതിലും തകര്‍ക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ ചുമത്തിയിട്ടുണ്ട്. നവംബര്‍ 15ന് കേസില്‍ അടുത്ത വാദം കേള്‍ക്കും. 


 

click me!