മദ്യക്കുപ്പി കൊണ്ട് പൊലീസുകാരന്‍റെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചു; ദുബൈയില്‍ ഒമ്പത് വിദേശികള്‍ അറസ്റ്റില്‍

By Web TeamFirst Published Oct 4, 2020, 7:08 PM IST
Highlights

വാന്‍ മുമ്പോട്ട് പോയപ്പോള്‍ ഒരു സംഘം ആളുകള്‍ കത്തിയും മദ്യക്കുപ്പികളുമായി എത്തി പൊലീസിനെ തടഞ്ഞു. ഇവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ 23കാരനായ സ്വദേശി പൊലീസ് ഉദ്യോഗസ്ഥന്റെ തലയില്‍ മദ്യക്കുപ്പി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച ശേഷം സംഘം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

ദുബൈ: ദുബൈയില്‍ കത്തിയും മദ്യക്കുപ്പികളും കൊണ്ട് പൊലീസിനെ ആക്രമിച്ച ഒമ്പത് വിദേശികള്‍ അറസ്റ്റില്‍. ഇവര്‍ക്കെതിരെ ദുബൈ പ്രാഥമിക കോടതിയില്‍ നിയമനടപടികള്‍ തുടങ്ങി. അനധികൃതമായി മദ്യം സൂക്ഷിച്ച സംഘത്തെ പിടികൂടാനെത്തിയപ്പോള്‍ ഇവര്‍ കത്തിയും മദ്യക്കുപ്പികളും ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കുകയായിരുന്നു. 

ഈ വര്‍ഷം ഓഗസ്റ്റില്‍ ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കിന് സമീപം അനധികൃതമായി മദ്യം കടത്തിയ മൂന്നു പേരെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു പൊലീസ്. അറസ്റ്റിനിടെ ഒമ്പത് നൈജീരിയ സ്വദേശികള്‍ ചേര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെ കത്തിയും മദ്യക്കുപ്പികളും കൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് ഔദ്യോഗിക രേഖകളില്‍ പറയുന്നു. രാത്രി 11 മണിയോടെ സ്ഥലം റെയ്ഡ് ചെയ്ത പൊലീസ് മൂന്ന് മദ്യ കള്ളക്കടത്തുകാരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് പ്രതിരോധിക്കാന്‍ ഇവര്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും പൊലീസ് ഇവരെ ചോദ്യം ചെയ്യാനായി വാനില്‍ കയറ്റി ജബല്‍ അലി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. 

എന്നാല്‍ വാന്‍ മുമ്പോട്ട് പോയപ്പോള്‍ ഒരു സംഘം ആളുകള്‍ കത്തിയും മദ്യക്കുപ്പികളുമായി എത്തി പൊലീസിനെ തടഞ്ഞു. ഇവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ 23കാരനായ സ്വദേശി പൊലീസ് ഉദ്യോഗസ്ഥന്റെ തലയില്‍ മദ്യക്കുപ്പി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച ശേഷം സംഘം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇവര്‍ പൊലീസുകാരന്റെ യൂണിഫോം വലിച്ചുകീറുകയും ചെയ്തു. പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.

പിന്നീട് പൊലീസ് ഇവരെ പിടികൂടി. ആക്രമിക്കാനുപയോഗിച്ച കത്തി, മദ്യ വില്‍പ്പനയിലൂടെ ലഭിച്ച പണം എന്നിവ പൊലീസ് പിടിച്ചെടുത്തു. പ്രതികള്‍ സന്ദര്‍ശക വിസയിലാണ് രാജ്യത്ത് എത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ശാരീരികമായി ആക്രമിച്ചതിന് പ്രതികള്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തിയിട്ടുണ്ട്. കേസില്‍ വിചാരണ പിന്നീട് നടക്കും. 
 

click me!