ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷം ഉംറ തീര്‍ത്ഥാടനം പുനരാരംഭിച്ചു

By Web TeamFirst Published Oct 4, 2020, 5:50 PM IST
Highlights

രാജ്യത്തെ പൗരന്മാരും വിദേശികളുമായ തീര്‍ത്ഥാടകര്‍ക്കാണ് തുടക്കത്തില്‍ അനുമതി. ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കിയ 'ഇഅ്തമര്‍നാ' എന്ന മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് അനുമതി പത്രം നേടിയവരെയാണ് ഹറമില്‍ പ്രവേശിപ്പിക്കുന്നത്.

റിയാദ്: കൊവിഡിന്റെ ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഉംറ തീര്‍ത്ഥാടനം മക്കയില്‍ ഏഴുമാസത്തിന് ശേഷം ഇന്ന് (ഞായറാഴ്ച) പുനരാരംഭിച്ചു. ഇന്ന് രാവിലെ ആറ് മണി മുതല്‍ തീര്‍ത്ഥാടകര്‍ മക്കയില്‍ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിപ്പിച്ചു. ആദ്യഘട്ടത്തില്‍ പ്രതിദിനം ആറായിരം തീര്‍ഥാടകരെയാണ് പ്രവേശിപ്പിക്കുന്നത്. 

രാജ്യത്തെ പൗരന്മാരും വിദേശികളുമായ തീര്‍ത്ഥാടകര്‍ക്കാണ് തുടക്കത്തില്‍ അനുമതി. ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കിയ 'ഇഅ്തമര്‍നാ' എന്ന മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് അനുമതി പത്രം നേടിയവരെയാണ് ഹറമില്‍ പ്രവേശിപ്പിക്കുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനുമതി ലഭിച്ചവര്‍ ശനിയാഴ്ച ഉച്ചയോടെ മക്കയിലെത്തി. മീഖാത്തുകളില്‍ നിന്ന് ഇഹ്‌റാമില്‍ പ്രവേശിച്ച് രാത്രിയോടെ മക്കയിലെത്തുകയും ഇവരെ വിവിധ ബസുകളിലായി ഹറമിലെത്തിക്കുകയുമായിരുന്നു. രാവിലെ ഉംറ തുടങ്ങിയ ആദ്യ സംഘത്തില്‍ 1,000 പേരാണുണ്ടായിരുന്നത്. ഹറമില്‍ പ്രവേശിച്ച തീര്‍ഥാടകരെ 100 പേരടങ്ങുന്ന സംഘങ്ങളായി തിരിച്ച് ത്വവാഫിനും സഅ്‌യിനും അയച്ചു. മൂന്നു മണിക്കൂറാണ് ഉംറ നിര്‍വഹണത്തിന് അനുവദിച്ചിരിക്കുന്ന സമയം.

ആദ്യസംഘം ഉംറ നിര്‍വഹിച്ചു പോയ ഉടനെ ഹറം അണുമുക്തമാക്കിയ ശേഷമാണ് രണ്ടാമത്തെ സംഘത്തിലെ ആയിരം പേരെ ഹറമില്‍ പ്രവേശിപ്പിച്ചത്. ഉച്ചക്ക് മുമ്പ് തന്നെ മൂന്നാമത്തെ സംഘവും ഹറമിലെത്തി ഉംറ നിര്‍വഹിച്ചു. ഉച്ചകഴിഞ്ഞ് ബാക്കി മൂന്ന് സംഘങ്ങള്‍ കൂടി ഉംറ നിര്‍വഹിച്ചു. പ്രതിദിനം 6,000 പേരെ ആറ് സംഘങ്ങളായി തിരിച്ച് ആറ് സമയങ്ങളിലായി ഹറമില്‍ പ്രവേശിപ്പിച്ചാണ് ഉംറ നിര്‍വഹണം. ഇതിനകം 108,041 പേര്‍ക്കാണ് ഉംറയ്ക്കുള്ള അനുമതി പത്രം നല്‍കിയിരിക്കുന്നത്.

click me!