
റിയാദ്: ഒറ്റ മെയ്യായിരുന്ന ഹവ്വയും ഖദീജയും ഇനി വേറിട്ട് ജീവിക്കും. റിയാദിൽ നടന്ന ബുർക്കിനാബെ സയാമീസ് ഇരട്ടകളുടെ വേർപ്പെടുത്തൽ ശസ്ത്രക്രിയ വിജയകരം. വ്യാഴാഴ്ച രാവിലെ റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ് അബ്ദുല്ല ചിൽഡ്രൻസ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് സർജറി, മറ്റ് സപ്പോർട്ടിങ് സ്പെഷ്യാലിറ്റികൾ എന്നിവയിൽ നിന്നുള്ള മെഡിക്കൽ കൺസൾട്ടൻറുമാർ, സ്പെഷ്യലിസ്റ്റുകൾ, നഴ്സിങ്, ടെക്നിക്കൽ സ്റ്റാഫ് എന്നിവരുൾപ്പെടെ 26 പേരടങ്ങുന്ന മെഡിക്കൽ സംഘമാണ് അഞ്ച് ഘട്ടങ്ങളായി എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടത്തിയത്.
സൽമാൻ രാജാവിന്‍റെ നിർദേശാനുസരണം 2024 ജൂലൈ രണ്ടിനാണ് ബുർക്കിനാബെ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി റിയാദിലെത്തിച്ചത്. ഇത്രയും കാലം പലവിധ പരിശോധനകളും ആരോഗ്യപരിപാലനകളും നടത്തി ശസ്ത്രക്രിയക്ക് കുട്ടികളെ തയ്യാറാക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ശസ്ത്രക്രിയ ആരംഭിച്ച് മൂന്നു മണിക്കുറിന് ശേഷം സൗദി മെഡിക്കൽ ആൻഡ് സർജിക്കൽ സംഘം തലവൻ ഡോ. അബ്ദുല്ല അൽ റബീഅ ശസ്ത്രക്രിയ വിജയകരമായി പര്യവസാനിക്കുമെന്ന വിവരം പ്രസ്താവനയിലൂടെ അറിയിച്ചു. പിന്നീടൊരു രണ്ട് മണിക്കൂറുകൾ കൂടി കഴിഞ്ഞപ്പോൾ പൂർത്തീകരിച്ച വിവരവും അറിയിച്ചു.
ഇരട്ടകളുടെ കുടലുകൾ തമ്മിൽ കൂടിച്ചേരാത്തത് ശസ്ത്രക്രിയയിലെ സങ്കീർണതയും സമയവും കുറച്ചതായി അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയാ കൃത്യമായും കാര്യക്ഷമമായും നടത്താൻ മെഡിക്കൽ ടീമിന് ഇത് സഹായകമായെന്നും ഡോ. റബീഅ പറഞ്ഞു. കുരുന്നുകൾക്ക് 17 മാസം പ്രായമാണുള്ളത്. കഴിഞ്ഞവർഷം ജൂലൈ ആദ്യമാണ് അവർ സൗദിലെത്തിയത്. കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഇവർക്കായി മെഡിക്കൽ സംഘം സൂക്ഷ്മപരിശോധനയും ഒന്നിലധികം വിശദ പരിശോധനകളും നടത്തി.
Read Also - 102 രാജ്യങ്ങളിലേക്ക് ഈത്തപ്പഴം,45 രാജ്യങ്ങളിലേക്ക് ഖുർആൻ; 'ഖാദിമുൽ ഹറമൈൻ റമദാൻ' പദ്ധതിക്ക് തുടക്കം
നിരവധി മെഡിക്കൽ യോഗങ്ങൾ ചേർന്നു. ഇരട്ടകളുടെ നെഞ്ചും വയറും ഒട്ടിപ്പിടിച്ച അവസ്ഥയിലാണെന്നും ഹൃദയം, കരൾ, കുടൽ എന്നിവയുടെ ചർമങ്ങളും ചേർന്ന അവസ്ഥയിലാണെന്നും കണ്ടെത്തി. സയമാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സൗദി പദ്ധതിക്ക് കീഴിലെ 62ാമത് ശസ്ത്രക്രിയയാണിത്. 35 വർഷത്തിനിടെ, 27 രാജ്യങ്ങളിൽനിന്നുള്ള 146 സയാമീസ് ഇരട്ടകളെ വേർപ്പെടുത്താൻ സൗദി സയാമീസ് വേർപ്പെടുത്തൽ പദ്ധതിക്ക് കഴിഞ്ഞതായും ഡോ. അൽറബീഅ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ