
ദുബായ്: ദുബായില്‍ 17 പേരുടെ മരണത്തിന് കാരണമായ ബസ് അപകടത്തില്‍ ശിക്ഷിക്കപ്പെട്ട ഡ്രൈവര്‍ക്ക് ജാമ്യം അനുവദിച്ചു. നേരത്തെ ഇയാള്‍ക്ക് കോടതി ഏഴ് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച ജാമ്യം ലഭിച്ചതോടെ ഇയാളെ വ്യവസ്ഥകള്‍ക്ക് വിധേയമായി വിട്ടയച്ചു.
ജാമ്യം ലഭിച്ചവിവരം ഡ്രൈവറുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. കേസില്‍ ഇയാള്‍ സമര്‍പ്പിച്ച അപ്പീലിന്മേല്‍ സെപ്തംബറില്‍ വാദം നടക്കാനിരിക്കുകയായിരുന്നു. എന്നാല്‍ പ്രതിഭാഗം ആവശ്യപ്പെട്ടതനുസരിച്ച് വിചാരണ നേരത്തെയാക്കി. ഇന്ന് വിചാരണയ്ക്കിടെ ജാമ്യം അനുവദിക്കുകയായിരുന്നു. പാസ്‍പോര്‍ട്ട് കോടതിയില്‍ കെട്ടിവെയ്ക്കണം. ജാമ്യം നില്‍ക്കുന്ന മറ്റ് രണ്ടുപേരും കോടതിയില്‍ തങ്ങളുടെ പാസ്‍പോര്‍ട്ട് കെട്ടിവെയ്ക്കണം തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം. കേസില്‍ തുടര്‍ വിചാരണ സെപ്‍തംബര്‍ മാസത്തില്‍ നടക്കും.
ബസ് ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം ജയില്‍ ശിക്ഷയും മരണപ്പെട്ട ഓരോരുത്തരുടെയും ആശ്രിതര്‍ക്ക് 37 ലക്ഷം രൂപ വീതവും ബ്ലഡ് മണിയുമാണ് കോടതി നേരത്തെ വിധിച്ചത്. മരിച്ച 17 പേരുടെ ആശ്രിതര്‍ക്കായി 34 ലക്ഷം ദിര്‍ഹമാണ് ഡ്രൈവര്‍ ബ്ലഡ് മണി നല്‍കേണ്ടത്. ശിക്ഷ അനുഭവിച്ച ശേഷം ഡ്രൈവറെ യുഎഇയില്‍ നിന്ന് നാടുകടത്തും. കഴിഞ്ഞ ചെറിയ പെരുന്നാള്‍ അവധിക്കാലത്ത് നടന്ന അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയാണെന്ന നിഗമനത്തിലാണ് കോടതി എത്തിച്ചേര്‍ന്നത്. റോഡില്‍ വാഹനങ്ങളുടെ ഉയരം നിയന്ത്രിക്കാന്‍ സ്റ്റീല്‍ തൂണ്‍ സ്ഥാപിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന വാദം ഡ്രൈവറുടെ അഭിഭാഷകന്‍ ഉയര്‍ത്തിയെങ്കിലും അത് കോടതി അംഗീകരിച്ചിരുന്നില്ല
.
ഒമാനിൽ നിന്ന് ദുബായിലേക്ക് വരികയായിരുന്ന ബസാണ് ജൂണ്‍ ആറിന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വെച്ച് അപകടത്തിൽപ്പെട്ടത്. 30യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്ത് വലിയ ഉയരമുള്ള വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ വച്ചിരുന്ന സൈൻ ബോർഡിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. പെരുന്നാള്‍ ആഘോഷിച്ച ശേഷം ഒമാനിൽ നിന്ന് മടങ്ങിയെത്തിയവരായിരുന്നു ബസിലുണ്ടായിരുന്നതിൽ ഭൂരിഭാഗം പേരും. മരണപ്പെട്ട 17 പേരില്‍ മരണപ്പെട്ടവരില്‍ എട്ട് മലയാളികള്‍ ഉള്‍പ്പെടെ 12 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. 15 പേര്‍ സംഭവ സ്ഥലത്ത് വെച്ചും രണ്ട് പേര്‍ പിന്നീട് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam