
ഇനി അധികനാള്‍ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയെങ്കിലും തന്റെ പ്രണയിനിയെ വിധിക്ക് വിട്ടുകൊടുക്കാന്‍ മഹ്മൂദ് തയ്യാറായില്ല. അവളെ ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തി, വിവാഹം ചെയ്തു. എന്നാല്‍ ഒരുമിച്ചുള്ള ജീവിതം സ്വപ്‌നം കണ്ട യുവാവിനെ തേടിയെത്തിയത് പ്രിയതമയുടെ മരണവാര്‍ത്തയാണ്. വെറും 11 ദിവസങ്ങള്‍ മാത്രം നീണ്ട വിവാഹ ജീവിതം.
മാര്‍ച്ച് ഒമ്പതിനായിരുന്നു ബംഗ്ലാദേശുകാരനായ മഹ്മൂദും ഫഹ്മിദയും വിവാഹിതരായത്. കോക്‌സ് ബസാര്‍ ജില്ലയിലെ ചകരിയയിലെ അസീസുല്‍ ഹഖിന്റെ മകനാണ് മഹ്മൂദ്. നോര്‍ത്ത് സൗത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎയും പൂര്‍ത്തിയാക്കിയിട്ടുണ്ട് മഹ്മൂദ്. കമാലുദ്ദീന്റെയും ഷിയുലിയുടെയും മകളാണ് ഫഹ്മിദ. ചാട്ടോഗ്രാമിലെ ഇന്‍ഡിപെന്‍ഡന്റ് യൂണിയവേഴ്‌സിറ്റിയില്‍ നിന്ന് ബിബിഎയും എംബിഎയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റിയിലെ പഠന കാലത്താണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് പ്രണയത്തിലായി.
2021ല്‍ ധാക്ക എവര്‍കെയര്‍ ഹോസ്പിറ്റലില്‍ നടത്തിയ പരിശോധനയിലാണ് ഫഹ്മിദയ്ക്ക് ക്യാന്‍സറാണെന്ന് കണ്ടെുത്തന്നത്. പിന്നീട് ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് പോയെങ്കിലും വൈകിപ്പോയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി ചാറ്റോഗ്രാം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു.
രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലും പ്രണയിനിയെ കൈവിടാന്‍ മഹ്മൂദ് തയ്യാറായില്ല. അവളെ ചാറ്റോഗ്രാം മെഡിക്കല്‍ സെന്ററില്‍ വെച്ച് വിവാഹം കഴിച്ചു. വധുവിന്റെ എല്ലാ ചികിത്സാ ചെലവുകളും ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ദൗര്‍ഭാഗ്യം അവരെ പിന്തുടര്‍ന്നു. വിവാഹം കഴിഞ്ഞ് 11 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഫഹ്മിദ മരണത്തിന് കീഴടങ്ങി. തുറമുഖ നഗരമായ ബകാലിയ ഏരിയയിലെ വീട്ടില്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു 25കാരിയായ ഫഹ്മിദയുടെ മരണം. ഫഹ്മിദ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. പരമ്പരാഗത വിവാഹ വേഷത്തിലിരിക്കുന്ന ഇരുവരുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam