ദുബായില്‍ ആശുപത്രി പരിസരത്ത് കാറിന് തീപിടിച്ചു; രോഗികളെ ഒഴിപ്പിച്ചു

By Web TeamFirst Published Dec 4, 2018, 9:21 PM IST
Highlights

മാസം തികയാതെ പ്രസവിച്ച 11 കുഞ്ഞുങ്ങളെയും മൂന്ന് ഗര്‍ഭിണികളെയും ഐ.സി.യുവില്‍ ചികിത്സയിലായിരുന്ന മൂന്ന് രോഗികളെയുമാണ് അല്‍ ഖുസൈസിലെ ആസ്റ്റര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. 

ദുബായ്: ആശുപത്രി പരിസരത്ത് കാറിന് തീപിടിച്ചതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി രോഗികളെ ഒഴിപ്പിച്ചു. മന്‍ഖൂലിലെ ആസ്റ്റര്‍ ആശുപത്രി കോമ്പൗണ്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കാറിന് തീപിടിച്ചത്. തുടര്‍ന്ന് ആശുപത്രി കെട്ടിടത്തിനുള്ളില്‍ പുക നിറഞ്ഞതോടെയാണ് ഗര്‍ഭിണികളെയും നവജാത ശിശുക്കളെയും രോഗികളെയും ഇവിടെ നിന്ന് മാറ്റിയത്.

മാസം തികയാതെ പ്രസവിച്ച 11 കുഞ്ഞുങ്ങളെയും മൂന്ന് ഗര്‍ഭിണികളെയും ഐ.സി.യുവില്‍ ചികിത്സയിലായിരുന്ന മൂന്ന് രോഗികളെയുമാണ് അല്‍ ഖുസൈസിലെ ആസ്റ്റര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആശുപത്രിക്ക് മുന്നില്‍ വെച്ച് കാറിന് തീപീടിച്ചതിത്. കനത്ത പുക ഉയര്‍ന്നതോടെയാണ് രോഗികളെ മാറ്റിയത്. നാല് മണിയോടെ ഇവരെ അല്‍ ഖുസൈസിലെ ആശുപത്രിയിലെത്തിച്ചു.

ആശുപത്രിയിലെത്തിയ ഒരു സന്ദര്‍ശകന്റെ കാറിലാണ് തീപിടിച്ചതെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ അധികൃതര്‍ അറിയിച്ചു. തീപിടിച്ചതറിഞ്ഞ് ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ തീ നിയന്ത്രണ വിധേയമാക്കി.  എന്നാല്‍ പുക ആശുപത്രി കെട്ടിടത്തിനുള്ളില്‍ കടന്നതോടെ മുന്‍കരുതലെന്ന നിലയില്‍ ആംബുലന്‍സുകള്‍ക്കായി ദുബായ് പൊലീസിനെയും ദുബായ് കോര്‍പറേഷനെയും ബന്ധപ്പെട്ടു. സിവില്‍ ഡിഫന്‍സിനെയും വിവരമറിയിച്ചുവെന്നും ആസ്റ്റര്‍ അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

click me!