Latest Videos

സോഷ്യല്‍ മീഡിയാ താരത്തെ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; കാര്‍ ഷോറൂമിന് പിഴയിട്ട് അധികൃതര്‍

By Web TeamFirst Published Oct 7, 2021, 10:50 AM IST
Highlights

കാറുകളുടെ പ്രത്യേകതകളും വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഗിഫ്റ്റുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ചുമൊക്കെയായിരുന്നു പരസ്യത്തില്‍ വിവരിച്ചിരുന്നത്.

ദുബൈ: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കിയതിന് (Misleading advertisements) ദുബൈയിലെ കാര്‍ ഷോറൂമിന് പിഴ. ദുബൈ ഇക്കണോമിയിലെ (Dubai Economy) കൊമേഴ്‍സ്യല്‍ കംപ്ലയന്‍സ് ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (Commercial Compliance and Consumer Protection) അധികൃതരാണ് നടപടി സ്വീകരിച്ചത്. രാജ്യത്ത് അറിയപ്പെടുന്ന സോഷ്യല്‍ മീഡിയാ താരത്തെ (Social media promoter) ഉപയോഗിച്ചായിരുന്നു ഇവര്‍ പരസ്യം ചെയ്‍തത്.

കാറുകളുടെ പ്രത്യേകതകളും വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഗിഫ്റ്റുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ചുമൊക്കെയായിരുന്നു പരസ്യത്തില്‍ വിവരിച്ചിരുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെ ഷോറൂം ഡയറക്ടറെ ദുബൈ ഇക്കണോമി അധികൃതര്‍ വിളിച്ചുവരുത്തുകയും നിയമവിരുദ്ധമായ ഈ പരസ്യം നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് അധികൃതര്‍ ബുധനാഴ്‍ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

കമ്പനികളുടെ സോഷ്യല്‍ മീഡിയാ പേജുകളിലോ  അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ പ്രൊമോട്ടര്‍മാര്‍ വഴി നടത്തുന്ന പരസ്യങ്ങളിലോ ഉള്ള എല്ലാ കാര്യങ്ങള്‍ക്കും അവര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. അതുകൊണ്ടുതന്നെ ഇത്തരം ക്യാമ്പയിനുകള്‍ നടത്തുമ്പോള്‍ വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തുകയും ആവശ്യമായ അനുമതികള്‍ വാങ്ങുകയും വേണം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ശ്രദ്ധയില്‍പെടുന്ന ഉപഭോക്താക്കള്‍ ദുബൈ കണ്‍സ്യൂമര്‍ ആപ്ലിക്കേഷനിലൂടെയോ consumerrights.ae എന്ന വെബ്‍സൈറ്റിലൂടെയോ അല്ലെങ്കില്‍ 600 54 5555 എന്ന നമ്പറില്‍ വിളിച്ചോ വിവരം നല്‍കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

click me!