സൗദി അറേബ്യയില്‍ വിമാനത്താവളത്തിന് നേരെ വ്യോമാക്രമണ ശ്രമം; നാല് പേര്‍ക്ക് പരിക്ക്

By Web TeamFirst Published Oct 7, 2021, 10:04 AM IST
Highlights

സൗദി സേനയുടെ പ്രതിരോധത്തില്‍ തകര്‍ന്ന ഡ്രോണുകളുടെ അവശിഷ്‍ടങ്ങള്‍ പതിച്ച് വിമാനത്താവളത്തിലെ ചില്ലുകളില്‍ തകര്‍ന്നതായി ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളം (Abha Airport) ലക്ഷ്യമിട്ട് യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ (Houthi rebels) വ്യോമാക്രമണം നടത്തി. രണ്ട് ആളില്ലാ വിമാനങ്ങള്‍ (Drones) വിമാനത്താവളത്തില്‍ ആക്രമണം നടത്തുന്നതിന് മുമ്പ് സൗദി വ്യോമ സേന (Saudi Air Defence) തകര്‍ത്തു. തകര്‍ന്ന ഡ്രോണുകളുടെ അവശിഷ്‍ടങ്ങള്‍ പതിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല.

സൗദി സേനയുടെ പ്രതിരോധത്തില്‍ തകര്‍ന്ന ഡ്രോണുകളുടെ അവശിഷ്‍ടങ്ങള്‍ പതിച്ച് വിമാനത്താവളത്തിലെ ചില്ലുകളില്‍ തകര്‍ന്നതായി ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നാല് ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. ആക്രമണത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നുവെങ്കിലും പിന്നീട് വ്യോമ ഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. 

അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് തൊട്ടുപിന്നാലെ യെമനിലെ സാദ ഗവര്‍ണറേറ്റിലെ രണ്ട് ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ സൗദി യുദ്ധവിമാനങ്ങള്‍ തകര്‍ത്തു. രാജ്യത്തെ സിവിലിയന്‍ വിമാനത്താവളം ആക്രമിക്കുന്നതുവഴി യുദ്ധക്കുറ്റമാണ് ഹൂതികള്‍ ചെയ്യുന്നതെന്ന് ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ട പ്രസ്‍താവനയില്‍ അറബ് സഖ്യസേന ആരോപിച്ചു. 
 

click me!