
ബാങ്കോക്ക്: പൊലീസിനെ കടിച്ച പൂച്ചയെ 'അറസ്റ്റ്' ചെയ്ത ജാമ്യത്തില്‍ വിട്ടയച്ചു. തമാശയൊന്നുമല്ല, സംഗതി നടന്ന സംഭവം തന്നെയാണ്. വളരെ രസകരമായ ഈ സംഭവം സോഷ്യൽ മീഡിയയില്‍ വൈറലാകുകയാണ്.
തായ്‍ലന്‍ഡിലെ ബാങ്കോക്കിലാണ് പൂച്ചയെ പൊലീസ് അറസ്റ്റ് ചെയ്തത്. അമേരിക്കൻ ഷോർട്ട്ഹെയർ ഇനത്തില്‍പ്പെട്ട പൂച്ചയാണ് ഇവിടെ താരം. മേയ് ഒമ്പതിനാണ് സംഭവം ഉണ്ടായത്. ബാങ്കോക്ക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഡാ പരിന്‍ഡ പകീസുക് ആണ് സോഷ്യൽ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് പങ്കുവെച്ചത്. ഉടമയില്‍ നിന്ന് നഷ്ടപ്പെട്ട പൂച്ചയെ ഒരാള്‍ക്ക് ലഭിക്കുകയും ഇതിനെ ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. ഉടമയെ കണ്ടെത്തുന്നതിനായാണ് പൂച്ചയെ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്. പിങ്ക് നിറത്തിലുള്ള ഹാര്‍നെസ് (ഒരു തരം വസ്ത്രം) ധരിച്ച് സ്റ്റേഷനിലെത്തിയ പൂച്ചയെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. എന്നാല്‍ 'നന്ദി പ്രകടിപ്പിക്കാതെ പൂച്ച, അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മാന്തുകയും കടിക്കുകയുമാണ് ചെയ്തതെ'ന്ന് പോസ്റ്റില്‍ രസകരമായി വിശദീകരിച്ചിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പൂച്ചയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ പോസ്റ്റ് ഇതിന്‍റെ ഉടമയിലേക്ക് എത്തിക്കണമെന്നും ഉടമ എത്തിയാല്‍ ജാമ്യത്തില്‍ വിടാമെന്നും പകീസുക് കുറിച്ചു. പകീസുകിന്‍റെ കുറിപ്പും ഒപ്പമുള്ള പൂച്ചയുടെ ചിത്രവും വളരെ വേഗം സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റി. നിരവധി പേര്‍ ഇതിന് കമന്‍റുകളുമായെത്തി. ഭക്ഷണവും കളിപ്പാട്ടങ്ങളുമായി വീട് പോലെ തോന്നിക്കുന്ന അന്തരീക്ഷം തങ്ങള്‍ ഒരുക്കിയിരുന്നെന്നും പകീസുക് കുറിച്ചു. അവൾ അവളുടെ ഏറ്റവും മികച്ച ജീവിതമാണ് നയിക്കുന്നത്, പൊലീസ് ഉദ്യോഗസ്ഥരാണ് യഥാർത്ഥ ഇരകൾ- അദ്ദേഹം കുറിച്ചു.
പലരും പൂച്ചയെ ദത്തെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ ഇതിന്‍റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്താനാണ് ശ്രമമെന്ന് പകീസുക് വ്യക്തമാക്കി. പോസ്റ്റ് പങ്കുവെച്ച് പിറ്റേന്ന് പൂച്ചയുടെ യഥാര്‍ത്ഥ ഉടമ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. 'നുബ് താങ്' എന്നാണ് പൂച്ചയുടെ പേര്. നുബ് താങ്ങിനെ ഏറ്റുവാങ്ങാൻ ഉടമ സ്റ്റേഷനിലെത്തിയതോടെ എല്ലാം ശുഭമമായി അവസാനിച്ചു. തുടര്‍ന്ന് പൂച്ചക്ക് അനുകൂലമായി പൊലീസ് റിപ്പോര്‍ട്ടില്‍ ഇങ്ങനെ കുറിച്ചു- 'എനിക്ക് വളരെയേറെ വിശന്നിരുന്നു, ആരെയും കടിക്കാൻ ഉദ്ദേശിച്ചിരുന്നില്ല'! പൂച്ചയുടെ ആക്രമണവും തിരികെ ഉടമയുടെ അടുത്തെത്തിയതും സോഷ്യൽ മീഡിയയില്‍ വൈറലുമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ