
ദില്ലി: പ്രവാസികളെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ആശയ വിനിയമം തുടങ്ങി. കൂടിയാലോചന പൂർത്തിയാക്കാൻ കുറച്ചുകൂടി സമയമെടുക്കുമെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളെ അറിയിച്ചു. നടപടി ക്രമങ്ങള്‍ തുടങ്ങാന്‍ തയാറെന്ന് വിദേശകാര്യ മന്ത്രാലയവും യോഗതതിൽ വ്യക്തമാക്കി.
മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗത്തിന് മുന്നോടിയായാണ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെയും പൊലീസ് മേധാവികളുടെയും യോഗം വിളിച്ചത്. പ്രവാസികളെ മടക്കിയെത്തിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ക്ക് കുറച്ചുകൂടി സമയം വേണമെന്നാണ് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ യോഗത്തെ അറിയിച്ചത്. മൂന്നുനാലു മാസം നീണ്ടു നില്‍ക്കുന്നതാവും പ്രവാസികളുടെ മടക്കം. സംസ്ഥാനങ്ങളില്‍ വലിയ മുന്നൊരുക്കങ്ങള്‍ ആവശ്യമുണ്ട്. ലക്ഷക്കണക്കിന് ആളുകളുള്ളതിനാല്‍ വിമാനങ്ങളുടെ ലഭ്യതയും പരിശോധിക്കണം.
രോഗബാധയില്ലെന്ന പരിശോധനാ സര്‍ട്ടിഫിക്കറ്റുള്ളവരെയാവും രാജ്യത്തേക്ക് മടക്കിയെത്തിക്കുക. പ്രവാസികളെ എത്തിക്കാന്‍ വിദേശ രാജ്യങ്ങളുടെ രാഷ്ട്രീയ അനുമതിയും ആവശ്യമുണ്ട്. ഇക്കാര്യങ്ങളില്‍ പ്രാഥമിക നടപടി തുടങ്ങാമെന്ന് വിദേശകാര്യ മന്ത്രാലയം യോഗത്തില്‍ വ്യക്തമാക്കി. മടങ്ങിവരുന്ന പ്രവാസികളുടെ കണക്കെടുപ്പ് വൈകാതെ തുടങ്ങും. പ്രവാസികളുടെ മടക്കത്തെ കേരളം സ്വാഗതം ചെയ്തു. 14 ദിവസത്തെ ക്വാറൻറീൻ നിർബന്ധമാക്കണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു.
കൊവിഡ് കാരണം ദുരിതമനുഭവിക്കുന്നവർക്കായി പ്രമുഖ പ്രവാസികളെയും സംഘടനകളെയും ഉള്‍പ്പെടുത്തി ടാസ്ക് ഫോഴ്സുകള്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ എംപി പ്രധാനമന്ത്രിക്ക് കത്തെഴുതി. വിദേശത്ത് മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രം മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കണമെന്നും തരൂര്‍ ആവശ്യം ഉന്നയിച്ചു. ക്യാബിനറ്റ് സെക്രട്ടറി വിളിച്ച യോഗത്തില്‍ സംസ്ഥാനങ്ങളും ഇക്കാര്യത്തിലുള്ള ആശങ്ക പങ്കുവച്ചതായാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam