കേന്ദ്ര സര്‍ക്കാറിന്റെ അനുമതി കാത്ത് ഗള്‍ഫില്‍ 12 മൃതദേഹങ്ങള്‍; പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവുന്നു

By Web TeamFirst Published Apr 25, 2020, 4:47 PM IST
Highlights

ഒരോ മൃതദേഹത്തിനും വിമാനക്കമ്പനികൾ ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കൽ നിന്നു പ്രത്യേകം അനുവാദം വാങ്ങണമെന്നാണ് പുതിയ നിർദ്ദേശം. ആഭ്യന്തര മന്ത്രാലയം അനുവാദം കൊടുക്കാത്ത ഒരു മൃതദേഹവും  കൊണ്ടുപോകാൻ സമ്മതിക്കരുതെന്ന് ഗള്‍ഫിലെ വിമാനക്കമ്പനികൾക്ക് അയച്ച നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു. 

ദുബായ്: ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയില്ലാതെ ഗള്‍ഫില്‍ നിന്ന് മൃതദേഹം കൊണ്ടുപോകാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ പ്രതിഷേധം ശക്തമായി. 12 മൃതദേഹങ്ങളാണ് വിവിധഗള്‍ഫ് രാജ്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി കാത്തുകിടക്കുന്നത്.

ഒരോ മൃതദേഹത്തിനും വിമാനക്കമ്പനികൾ ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കൽ നിന്നു പ്രത്യേകം അനുവാദം വാങ്ങണമെന്നാണ് പുതിയ നിർദ്ദേശം. ആഭ്യന്തര മന്ത്രാലയം അനുവാദം കൊടുക്കാത്ത ഒരു മൃതദേഹവും  കൊണ്ടുപോകാൻ സമ്മതിക്കരുതെന്ന് ഗള്‍ഫിലെ വിമാനക്കമ്പനികൾക്ക് അയച്ച നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു. 12 ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് വിവിധഗള്‍ഫ് രാജ്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി കാത്തുകിടക്കുന്നത്. സഹോദരന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനായി കാത്തിരിക്കുകയാണെന്ന് റാസല്‍ഖൈമയില്‍  മരിച്ച കായംകുളം സ്വദേശി ഷാജിലാലിന്‍റെ ഏകസഹോദരന്‍ ഷിബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മുന്നറിയിപ്പില്ലാതെ അനുമതി നിഷേധിച്ചതിനാൽ നാട്ടില്‍ സംസ്കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍വരെ പൂര്‍ത്തിയാക്കിയവര്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. മോര്‍ച്ചറികളില്‍ ഏറെ ദിവസം മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ പ്രയാസമുള്ളതുകൊണ്ട് ഗള്‍ഫില്‍തന്നെ മറവുചെയ്യാന്‍ തയ്യാറാവണമെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. കേന്ദ്രസര്‍ക്കാരിന്റെ അനുകൂല ഉത്തരവ് ഉടന്‍ ഉണ്ടായില്ലെങ്കില്‍ പ്രവാസികള്‍ അതിനു സമ്മതിക്കേണ്ടിവരും. ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള തടസ്സം നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് മന്ത്രി കെ.ടി ജലീല്‍ ആവശ്യപ്പെട്ടു.

click me!