
തിരുവനന്തപുരം: പ്രവാസികളുടെ കാര്യത്തില്‍ ക്രിയാത്മകമായ ഇടപെടലുണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന ചീഫ് സെക്രട്ടറിയെയാണ് ഇക്കാര്യം അറിയിച്ചത്. തിരിച്ചുവരുന്ന പ്രവാസികളുടെ സുരക്ഷ്ക്ക് കൈക്കൊണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാറിനെ ചീഫ് സെക്രട്ടറി അറിയിച്ചു.
കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ഇന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ യോഗത്തിലാണ് സംസ്ഥാനം സ്വീകരിച്ച നടപടികള്‍ അറിയിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കേരളത്തിന് പ്രത്യേകമായി അഭിനന്ദനം അറിയിച്ചു. കേരളത്തിന്റെ നടപടികള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കണമെന്നും മറ്റ് സംസ്ഥാനങ്ങളും ഇത്തരത്തിലുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ക്യാബിനറ്റ് സെക്രട്ടറി പറഞ്ഞു.
പ്രവാസികളില്‍ ഒരു വിഭാഗത്തെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിക്കുന്നതായാണ് മനസിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തുനിന്ന് ദശലക്ഷക്കണക്കിന് പേരാണ് വിദേശത്തുള്ളത്. ഇതില്‍ ആദ്യം ആരെയൊക്കെയാണ് കൊണ്ടുവരേണ്ടതെന്ന് തീരുമാനിക്കാന്‍ നോര്‍ക്ക വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാനുള്ള സൌകര്യമൊരുക്കും. മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേകം സൌകര്യമൊരുക്കും. ഇതിന് ശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam