മസ്‌കറ്റില്‍ ചെസ് പരിശീലന ശില്‍പശാല

By Web TeamFirst Published Sep 23, 2021, 9:20 AM IST
Highlights

സെപ്തംബര്‍ 24-ാം തീയതി വെള്ളിയാഴ്ച  വൈകുന്നേരം മൂന്നര മണിക്ക് ശില്‍പശാല ആരംഭിക്കും.

മസ്‌കറ്റ്: ഒമാനിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന നന്മ കാസറഗോഡ് സംഘടന, മസ്‌കറ്റിലെ സ്പ്രിങ്ങര്‍ ചെസ് പരിശീലന കേന്ദ്രവുമായി ചേര്‍ന്ന്  സൗജന്യ ചെസ് പരിശീലന ശില്‍പശാല സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 24-ാം തീയതി വെള്ളിയാഴ്ച  വൈകുന്നേരം മൂന്നര മണിക്ക് ശില്‍പശാല ആരംഭിക്കുമെന്ന് നന്മ കാസറഗോഡ് സോഷ്യല്‍ മീഡിയ വിംഗ് അംഗങ്ങള്‍ അറിയിച്ചു

ഇന്ന് ലോകം മുഴുവന്‍ പ്രചാരത്തിലുള്ള ചെസ് ഗെയിം ബുദ്ധിക്ക് നല്ലൊരു വ്യായാമോപാധി കൂടിയാണ്. വളര്‍ച്ചയുടെ കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാവുന്ന ഏറ്റവും നല്ല ഒരു വിനോദമായി കണക്കിലെടുത്താണ് ചെസ്  പരിശീലന ശില്‍പശാല സംഘടിപ്പിക്കുന്നതെന്നും നന്മ കാസറഗോഡ് സംഘടന ചെസ്  പരിശീലന ശില്‍പശാല കണ്‍വീനര്‍ കാവ്യ പ്രവീണ്‍ പറഞ്ഞു.

കുട്ടികളുടെ വിശകലന പാടവം, ഉള്‍കാഴ്ച്ച, ആഴത്തിലുള്ള ചിന്താശക്തി, ഭാവനാശേഷി, എന്നിവ പുനരുജ്ജീവിപ്പിക്കാനും അവരുടെ ചിന്തകള്‍ ഏകികരിക്കുവാനും  ലക്ഷ്യം വെച്ചുകൊണ്ടുള്ള ശില്പശാലയാണ്  വെള്ളിയാഴ്ച   ഒരുക്കുന്നതെന്ന് സ്പ്രിങ്ങര്‍ ചെസ് പരിശീലന കേന്ദ്ര  ഡയറക്ടര്‍ രാഖി കെ അറിയിച്ചു. സ്പ്രിങ്ങര്‍ ചെസ് പരിശീലന കേന്ദ്രം കേരളാ ചെസ് ഫെഡറേഷന്റെ അംഗീകാരത്തോടു കൂടിയാണ് പ്രവര്‍ത്തിച്ചു വരുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!