നാട്ടിലേക്ക് മടങ്ങാൻ സൗദി വഴി പുതിയ യാത്രാമാർഗം. കുവൈത്തിൽ നിന്ന് നാട്ടിലേക്ക് പോകേണ്ടവർക്ക് റോഡ് മാർഗം സൗദിയിലെത്താം. 72 മണിക്കൂർ സാധുതയുള്ള സൗദി ട്രാൻസിറ്റ് വിസ ഉപയോഗിച്ച് ജിദ്ദ, ഖൈസൂമാ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യാനുള്ള മാർഗ്ഗങ്ങളും ആവശ്യമായ രേഖകളെക്കുറിച്ചും ഇതിൽ വിശദീകരിക്കുന്നു.
കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അത്യാവശ്യ ഘട്ടത്തിൽ നാട്ടിൽ പോകേണ്ടവർക്ക് റോഡ് മാർഗം സൗദിയിലെത്താം. അവിടെ നിന്ന് പുറപ്പെടുന്ന വിമാന സര്‍വീസുകള്‍ ഇവർക്ക് നാട്ടിലെത്താൻ ആശ്രയിക്കാവുന്നതാണ്. സൗദി അറേബ്യയുടെ 72 മണിക്കൂർ വരെ സാധുവായ ട്രാൻസിറ്റ് വിസ എടുത്ത് മൂന്നാം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും.
കുറഞ്ഞത് ആറ് മാസം കാലാവധിയുള്ള പാസ്‌പോർട്ട്, നാട്ടിലേക്കുള്ള സ്ഥിരീകരിച്ച ടിക്കറ്റ്, കൂടാതെ സൗദി ട്രാൻസിറ്റ് വിസ എന്നിവ നിർബന്ധമാണ്. ഈ ട്രാൻസിറ്റ് വിസ ksavisa.sa എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാനോ, കുവൈത്തിലെ സൗദി എംബസിയിലൂടെയോ ലഭിക്കും. ഒരിക്കൽ ഉപയോഗിച്ചിട്ടുള്ള സാധുവായ അമേരിക്കൻ വിസ, ഷെൻഗൻ വിസ, അല്ലെങ്കിൽ അമേരിക്കൻ അല്ലെങ്കിൽ യൂറോപ്യൻ പാസ്‌പോർട്ട് ഉള്ളവർക്ക് വിസ ഓൺ അറൈവൽ ലഭിക്കാനും സാധ്യതയുണ്ട്.
സൗദിയിലെ ജിദ്ദ വിമാനത്താവളത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് കുവൈത്തിൽനിന്ന് അൽ ഖഫ്ജി ദമ്മാം, റിയാദ് മക്ക വഴി ജിദ്ദ എയർപോർട്ടിലെത്താം. ഈ യാത്രയ്ക്ക് സാധാരണയായി 16 മുതൽ 18 മണിക്കൂർ വരെ സമയം എടുക്കാം. മറ്റൊരു വേഗത്തിലുള്ള മാർഗം സൗദിയിലെ ഖൈസൂമാ വിമാനത്താവളത്തിലേക്കുള്ളതാണ്. അതിനായി കുവൈത്തിൽ നിന്ന് അബ്ദലി അല്ലെങ്കിൽ സഫ്വാ ബോർഡർ വഴി ഖഫ്ജിയിൽ നിന്ന് ഖൈസൂമയിലെത്താം. ഈ യാത്രയ്ക്ക് സാധാരണയായി 3 മുതൽ 4 മണിക്കൂർ വരെ സമയം എടുക്കും.
യാത്രക്കാർ അതിർത്തിയിൽ പാസ്‌പോർട്ട്, വിസ, യാത്രാ ടിക്കറ്റ് എന്നിവയുടെ പരിശോധനയ്ക്ക് തയ്യാറായിരിക്കണം. കൂടാതെ യാത്രയ്ക്ക് മുമ്പ് പുതിയ ബോർഡർ നിയമങ്ങളും ആരോഗ്യ നിർദേശങ്ങളും പരിശോധിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. കൂടാതെ, കുവൈത്തിൽ നിന്ന് പുറപ്പെടുന്ന താമസക്കാർ സഹേൽ ആപ് വഴി എക്സിറ്റ് പെർമിറ്റ് എടുക്കുന്നത് നിർബന്ധമാണ്.


