'കുത്തിതിരിപ്പിനൊക്കെ ഒരു അതിര് വേണം'; പത്ര വാര്‍ത്തയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Jun 24, 2020, 7:53 PM IST
Highlights

ഓരോ നാട്ടിലും ലഭ്യമായ ചികിത്സാ സൗകര്യങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ട്. ഈ രാജ്യങ്ങളിലെല്ലാം കേരളീയര്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്. അവര്‍ അവിടെ തുടരുകയും വേണ്ടവരാണ്. ഇവിടങ്ങളില്‍ കേരളീയര്‍ അരക്ഷിതരാണെന്ന് പ്രചരിപ്പിക്കുമ്പോള്‍ അത് അവരെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

തിരുവനന്തപുരം: കൊവിഡ് സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളിൽ രോഷമുണ്ടാക്കാൻ ശ്രമമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. യാത്ര മുടങ്ങിയത് കൊണ്ട് ഒരു മലയാളിയും മരിച്ചിട്ടില്ല. ഇതേ കുറിച്ചുള്ള പത്രവാര്‍ത്ത പ്രതികൂലമായി ബാധിക്കുന്നത് വിദേശത്ത് കഴിയുന്നവരെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്ത് കൊവിഡ് ബാധിച്ച് മരിച്ചവരാരും കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയതുകൊണ്ട് മരണപ്പെട്ടപ്പവരല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഓരോ നാട്ടിലും ലഭ്യമായ ചികിത്സാ സൗകര്യങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ട്. ഈ രാജ്യങ്ങളിലെല്ലാം കേരളീയര്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്. അവര്‍ അവിടെ തുടരുകയും വേണ്ടവരാണ്. ഇവിടങ്ങളില്‍ കേരളീയര്‍ അരക്ഷിതരാണെന്ന് പ്രചരിപ്പിക്കുമ്പോള്‍ അത് അവരെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയുമെത്ര മരിക്കണം എന്ന തരത്തില്‍ ഒരു മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ നടത്തിയത്.  ആരുടെയെങ്കിലും അനാസ്ഥകൊണ്ടോ അശ്രദ്ധ കൊണ്ടോ അല്ല വിദേശരാജ്യങ്ങളിലെ പ്രവാസികളുടെ മരണം സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിദേശരാജ്യങ്ങളില്‍ രോഗബാധിതരായ കേരളീയരെയാകെ ഇങ്ങോട്ട് കൊണ്ടുവരാന്‍ കഴിയുമായിരുന്നോയെന്നും മുഖ്യമന്ത്രി ചോദിച്ചു. 

നാട്ടില്‍ വിമാനങ്ങളും ഇതര യാത്രാ മാര്‍ഗങ്ങളുമില്ലാത്ത ലോക് ഡൌണായിരുന്നു കഴിഞ്ഞ നാളുകളില്‍. മരിച്ച് വീഴുന്ന ഓരോരുത്തരും ഈ നാടിന് പ്രിയപ്പെട്ടവരാണ്. അവരുടെ വേര്‍പാട് വേദനാജനകവുമാണ്. എന്നാല്‍ അതിന്റെ പേരില്‍ സങ്കുചുത ലക്ഷ്യത്തോടെ മുതലെടുപ്പ് നടത്തുന്നത് കൊവിഡിനേക്കാള്‍ അപകടകാരിയാണന്നും അദ്ദേഹം പറഞ്ഞു. 

click me!