കുവൈത്തിലെ മുബാറക് ഹോസ്പിറ്റലിൽ അജ്ഞാത മൃതദേഹം ഉപേക്ഷിച്ച് കടന്നു കളഞ്ഞ ആളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. അടിയന്തര ചികിത്സ ആവശ്യപ്പെട്ടെത്തിയ ഒരാളാണ് മൃതദേഹം ഉപേക്ഷിച്ച് കടന്നത്. 

കുവൈത്ത് സിറ്റി: ഒരു ക്രൈം ത്രില്ലർ സിനിമയെ അനുസ്മരിപ്പിക്കുന്ന വിധം മുബാറക് ഹോസ്പിറ്റലിൽ നടന്ന അജ്ഞാത മൃതദേഹം ഉപേക്ഷിക്കൽ സംഭവം കുവൈത്തിൽ വലിയ ചർച്ചയാകുന്നു. വീൽചെയറിൽ ഇരുത്തി മൃതദേഹം ആശുപത്രിയിൽ എത്തിച്ച ശേഷം അജ്ഞാതനായ വ്യക്തി കടന്നു കളഞ്ഞതോടെ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചു.

ആശുപത്രി കവാടത്തിൽ വീൽചെയറിൽ ഒരാളെ ഇരുത്തി കൊണ്ട് അജ്ഞാതനായ ഒരു വ്യക്തി എത്തി. അവിടെയുണ്ടായിരുന്ന വാർഡ് അറ്റൻഡറോട്, ഈ വ്യക്തിക്ക് അത്യാവശ്യമായി ചികിത്സ ആവശ്യമാണെന്നും താമസം കൂടാതെ ഡോക്ടറെ കാണിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. അറ്റൻഡർ രോഗിയെ ഏറ്റെടുത്ത ഉടൻ തന്നെ ഇയാൾ ആശുപത്രി പരിസരത്ത് നിന്ന് അപ്രത്യക്ഷനായി.

വാർഡ് അറ്റൻഡർ രോഗിയെ ഡോക്ടറുടെ അടുത്തെത്തിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. വീൽചെയറിൽ ഉണ്ടായിരുന്ന വ്യക്തി നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. മരിച്ചയാളുടെ പക്കൽ തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല. കാഴ്ചയിൽ ഏഷ്യൻ വംശജനാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൃതദേഹം എത്തിച്ച വ്യക്തിയെയും അദ്ദേഹം വന്ന വാഹനവും തിരിച്ചറിയുന്നതിനായി ആശുപത്രിയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. മരണം കൊലപാതകമാണോ സ്വാഭാവികമാണോ എന്ന് കണ്ടെത്തുന്നതിനായി മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.