എയർ ഇന്ത്യയും സൗദിയയും കോഡ്ഷെയർ കരാറിൽ ഒപ്പുവച്ചു. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള യാത്രക്കാർക്ക് സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ പങ്കാളിത്തത്തിലൂടെ യാത്രക്കാർക്ക് വിമാനയാത്ര കൂടുതൽ ലളിതമാക്കുന്ന നിരവധി സൗകര്യങ്ങൾ ലഭിക്കും.
റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യോമബന്ധം കൂടുതൽ വിപുലമാക്കുന്നതിന്‍റെ ഭാഗമായി സൗദി എയർലൈൻസും എയർ ഇന്ത്യയും തമ്മിൽ 'കോഡ്ഷെയർ' കരാറിൽ ഒപ്പുവെച്ചു. വരുന്ന ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ വരുന്ന ഈ കരാർ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വിനോദസഞ്ചാര, ബിസിനസ് യാത്രക്കാർക്ക് വലിയ ആശ്വാസമാകും.
ഈ പങ്കാളിത്തത്തിലൂടെ യാത്രക്കാർക്ക് വിമാനയാത്ര കൂടുതൽ ലളിതമാക്കുന്ന നിരവധി സൗകര്യങ്ങൾ ലഭിക്കും. രണ്ട് വിമാനക്കമ്പനികളുടെയും സേവനം ഉപയോഗപ്പെടുത്താൻ ഒരു ടിക്കറ്റ് മാത്രം എടുത്താൽ മതിയാകും. വിമാനങ്ങളുടെ സമയക്രമം പരസ്പരം സഹകരിച്ച് ക്രമീകരിക്കുന്നതിനാൽ കാത്തിരിപ്പ് സമയം കുറയും. ഈ സഹകരണത്തിലൂടെ ഇരു വിമാനക്കമ്പനികളുടെയും യാത്രക്കാർക്ക് ഒരൊറ്റ ടിക്കറ്റിൽ തന്നെ കൂടുതൽ നഗരങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും.
പുറപ്പെടുന്ന വിമാനത്താവളത്തിൽ നൽകുന്ന ബാഗേജ് ഇടയ്ക്ക് മാറ്റേണ്ടതില്ലാതെ നേരിട്ട് അവസാന ലക്ഷ്യസ്ഥാനത്ത് എത്തും. മുംബൈ, ദില്ലി എന്നിവ വഴി കൊച്ചി, അഹമ്മദാബാദ്, ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, ലഖ്‌നൗ, ജയ്പൂർ തുടങ്ങി 15-ലധികം ഇന്ത്യൻ നഗരങ്ങളിലേക്ക് സൗദി യാത്രക്കാർക്ക് കണക്ഷൻ ഫ്ലൈറ്റുകൾ ലഭിക്കും. ജിദ്ദയിലോ റിയാദിലോ എത്തുന്ന എയർ ഇന്ത്യ യാത്രക്കാർക്ക് അവിടെ നിന്ന് ദമ്മാം, അബഹ, ഖസീം, ജിസാൻ, മദീന, ത്വാഇഫ് തുടങ്ങിയ നഗരങ്ങളിലേക്ക് സൗദി എയർലൈൻസ് വഴി തുടർ യാത്ര ചെയ്യാം. ജിദ്ദയിൽ ഇറങ്ങി റിയാദിൽ നിന്ന് മടങ്ങാനുള്ള സൗകര്യവും ഇതിലൂടെ ലഭിക്കും.
ഇന്ത്യയിൽ 60 വർഷത്തിലധികം പ്രവർത്തന പാരമ്പര്യമുള്ള തങ്ങൾക്ക് ഈ കരാർ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് സൗദി ഗ്രൂപ്പ് ഡയറക്ടർ ജനറൽ ഇബ്രാഹിം അൽ ഉമർ പറഞ്ഞു. ഇ-വിസ, സ്റ്റോപ്പ് ഓവർ വിസ, വിസ ഓൺ അറൈവൽ സൗകര്യങ്ങൾ വഴി ഇന്ത്യൻ പൗരന്മാർക്ക് സൗദി സന്ദർശനം ഇപ്പോൾ കൂടുതൽ എളുപ്പമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സൗദിയിലെ വലിയൊരു വിഭാഗം വരുന്ന ഇന്ത്യൻ പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും പുതിയ കരാർ ഏറെ ഗുണകരമാകുമെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ വ്യക്തമാക്കി. 2022-ൽ സ്വകാര്യവത്കരിക്കപ്പെട്ടതിന് ശേഷം എയർ ഇന്ത്യ ലോകമെമ്പാടുമുള്ള 800ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് തങ്ങളുടെ ശൃംഖല വിപുലീകരിച്ചിട്ടുണ്ട്.


