ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങ് യുഎഇയില്‍; അറബ് ലോകം പ്രതീക്ഷയില്‍

By Web DeskFirst Published Jul 19, 2018, 10:20 PM IST
Highlights
  • യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക ക്ഷണപ്രകാരമാണ്  സന്ദര്‍ശനം

ദുബൈ: ത്രിദിന സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങ് യുഎഇയിലെത്തി. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു പുറമെ  യുഎഇയും ചൈനയും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിനു സന്ദർശനം വഴിയൊരുക്കും.

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശി  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ചേര്‍ന്ന് ചൈനീസ് പ്രസിഡന്‍റ്  ഷി ചിന്‍പിങ്ങിനെ  പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ സ്വീകരിച്ചു. വീണ്ടും പ്രസി‍ഡന്റ് പദവിയിലെത്തിയ ശേഷം ഷി ചിൻപിങ്ങിന്റെ ആദ്യ വിദേശ സന്ദർശനമാണിത്. 

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക ക്ഷണപ്രകാരമാണ്  സന്ദര്‍ശനം. നാളെ നടക്കുന്ന യുഎഇ-ചൈന ഇക്കണോമിക് ഫോറത്തിൽ അദ്ദേഹം പങ്കെടുക്കും. പരമ്പരാഗത സുഹൃത്തുക്കളായ ചൈനയ്ക്കും യുഎഇയ്ക്കും മേഖലാ-രാജ്യാന്തര വിഷയങ്ങളിൽ സുപ്രധാന പങ്കുവഹിക്കാനാകുമെന്ന് ഷി ചിൻപിങ്  പറഞ്ഞു.

ലോകത്തിന്റെ സ്ഥിരതയും സുരക്ഷയും സമാധാനവുമാണ് ആഗ്രഹിക്കുന്നത്. പതിറ്റാണ്ടുകളായി വിവിധ മേഖലകളിൽ ശക്തമായ സഹകരണം നിലനിൽക്കുന്നു. വികസനകാര്യത്തിൽ ഇരുരാജ്യങ്ങൾക്കും ഒരേ നയമാണുള്ളത്. ഊർജം, വ്യവസായം, സാങ്കേതികം, ധനകാര്യം തുടങ്ങിയ മേഖലകളിൽ തന്ത്രപ്രധാന സഹകരണമാണുള്ളത്. നിർദിഷ്ട സിൽക് പാത പദ്ധതി യുഎഇ ഉൾപ്പെടെയുള്ള അറബ് മേഖലയുടെ വൻ വികസനത്തിനു ഷിചിന്‍ പുങ്ങിന്‍റെ സന്ദര്‍ശനം വഴിയൊരുക്കും.

ദുബായ് എക്സ്പോയ്ക്ക് ചൈനയുടെ എല്ലാ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും പറഞ്ഞു.  ചൈനീസ് പ്രസി‍ഡന്റിന്റെ സന്ദർശനത്തോടനുബന്ധിച്ച് ഒട്ടേറെ പരിപാടികളാണ് രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ ഒരുക്കിയിട്ടുള്ളത്.

click me!