ലഹരിക്കടത്തിന് ഡോക്ടർക്കും സർക്കാർ ഉദ്യോഗസ്ഥനും കുവൈത്തിൽ 10 വർഷം തടവ്, പ്രവാസികൾക്ക് ജീവപര്യന്തം. രഹസ്യ ഏജന്റിന് ഹെറോയിൻ വിൽക്കാൻ ശ്രമിച്ച അഫ്ഗാൻ സ്വദേശിക്ക് ജീവപര്യന്തം തടവ് വിധിച്ചു.

കുവൈത്ത് സിറ്റി: ലഹരിമരുന്ന് കടത്തിനും വിൽപനയ്ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി കുവൈത്ത് ക്രിമിനൽ കോടതി. വ്യത്യസ്ത കേസുകളിലായി പിടിയിലായ നിരവധി പ്രതികൾക്കാണ് കോടതി കടുത്ത ശിക്ഷകൾ വിധിച്ചത്. ലഹരിമരുന്ന് നിയന്ത്രണ വിഭാഗം നടത്തിയ രഹസ്യ ഓപ്പറേഷനുകളിലൂടെയാണ് പ്രതികളെ പിടികൂടിയത്. രഹസ്യ ഏജന്റിന് ഹെറോയിൻ വിൽക്കാൻ ശ്രമിച്ച അഫ്ഗാൻ സ്വദേശിക്ക് ജീവപര്യന്തം തടവ് വിധിച്ചു. ഹെറോയിനും ഹാഷിഷുമായി പിടിയിലായ ബംഗ്ലാദേശ് സ്വദേശിയായ മയക്കുമരുന്ന് കച്ചവടക്കാരനും ജീവപര്യന്തം തടവ് വിധിച്ചു.

ഹവല്ലിയിൽ വൻതോതിൽ ഹെറോയിനും മറ്റ് ലഹരിവസ്തുക്കളുമായി പിടിയിലായ മറ്റൊരു അഫ്ഗാൻ സ്വദേശിക്കും ജീവപര്യന്തം തടവാണ് ശിക്ഷ. സാൽമിയയിൽ വെച്ച് ഹാഷിഷുമായി പിടിയിലായ ഫിലിപ്പിനോ പൗരന് 15 വർഷം തടവ് ശിക്ഷ വിധിച്ചു. സർക്കാർ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഒരു കുവൈത്തി സ്വദേശിക്കും ഒരു ഡോക്ടർക്കും 10 വർഷം വീതം തടവും 10,000 ദിനാർ പിഴയും കോടതി വിധിച്ചു. ഹാഷിഷ്, കൊക്കെയ്ൻ എന്നിവ ഉപയോഗിച്ചതിനും വിറ്റതിനുമാണ് ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. സുറ, സിദ്ദീഖ് എന്നിവിടങ്ങളിൽ വെച്ച് ഡി.സി.ജി.ഡി ഉദ്യോഗസ്ഥർ നടത്തിയ ആസൂത്രിതമായ നീക്കത്തിലൂടെയാണ് ഇവർ കുടുങ്ങിയത്.