യുഎഇയിലെ കനത്ത മഴയുടെ കാരണം വിശദീകരിച്ച് അധികൃതര്‍; വരും ദിനങ്ങളിലും കൂടുതല്‍ മഴ

Published : Nov 11, 2019, 02:10 PM IST
യുഎഇയിലെ കനത്ത മഴയുടെ കാരണം വിശദീകരിച്ച്  അധികൃതര്‍; വരും ദിനങ്ങളിലും കൂടുതല്‍ മഴ

Synopsis

കനത്ത മഴയിലും കാറ്റിലും കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലെ കെട്ടിട അവിശിഷ്ടങ്ങളും മറ്റും പാറിനടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ദുബായ് മാളില്‍ വെള്ളം കയറുകയും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു.

ദുബായ്: യുഎഇയില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയുടെ കാരണം വിശദീകരിച്ച് അധികൃതര്‍. കഴിഞ്ഞ 48 മണിക്കൂറില്‍ നടത്തിയ ക്ലൗഡ് സീഡിങ് പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ശക്തമായ മഴ പെയ്തതെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ക്ലൗഡ് സീഡിങ് ഓപ്പറേഷന്‍സ് വിഭാഗം തലവന്‍ ഖാലിദ് അല്‍ ഉബൈദി പറഞ്ഞു. കൂടുതല്‍ ക്ലൗഡ് സീഡിങ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനാല്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കാമെന്നും അദ്ദേഹം അറിയിച്ചു.

അറേബ്യന്‍ ഗള്‍ഫിലും അല്‍ ഐനിലും കൂടുതല്‍ മഴമേഘങ്ങള്‍ ദൃശ്യമായതിനെ തുടര്‍ന്ന് നിരവധി തവണ ക്ലൗഡ് സീഡിങ് നടത്തിയതായാണ് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിച്ചത്. കനത്ത മഴയിലും കാറ്റിലും കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലെ കെട്ടിട അവിശിഷ്ടങ്ങളും മറ്റും പാറിനടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ദുബായ് മാളില്‍ വെള്ളം കയറുകയും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു.

ഒരു പതിറ്റാണ്ടിലേറെയായി മഴയ്ക്ക് വേണ്ടി വ്യാപകമായി ക്ലൗഡ് സീഡിങ് നടത്തിവരുന്ന രാജ്യമാണ് യുഎഇ. വിമാനങ്ങള്‍ ഉപയോഗിച്ച് മഴ സാധ്യതയുള്ള മേഘങ്ങളില്‍ രാസവസ്തുക്കള്‍ വിതറി മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീസിങ്. അറേബ്യന്‍ ഗള്‍ഫ് പ്രദേശങ്ങളില്‍ ഇപ്പോള്‍ കൂടുതല്‍ മേഘങ്ങള്‍ ഉള്ളതിനാല്‍ ക്ലൗഡ് സീഡിങ് തുടരാനാണ് തീരുമാനം. മഴ ലഭ്യതയില്‍ 15 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ അറിയിച്ചു.

ക്ലൗഡ് സീഡിങ് നടത്തുന്നതിനായി കഴിഞ്ഞ വര്‍ഷം മുതല്‍ ഗ്രൗണ്ട് വെതര്‍ മോഡിഫിക്കേഷന്‍ സിസ്റ്റം എന്ന സംവിധാനവും യുഎഇ ഉപയോഗിക്കുന്നുണ്ട്. പര്‍വതങ്ങളുടെ മുകളില്‍ സ്ഥാപിക്കുന്ന ഗ്രൗണ്ട് ജനറേറ്ററുകളില്‍ നിന്ന് മേഘങ്ങളിലേക്ക് രാസവസ്തുക്കള്‍ വിതറുന്ന രീതിയാണിത്. ഹഫീതിലും ഫുജൈറയിലും ഇത്തരത്തില്‍ പര്‍വതങ്ങളുടെ മുകളില്‍ ഗ്രൗണ്ട് ജനറേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യം മുതല്‍ ഇതുവരെ 181 തവണ ക്ലൗഡ് സീഡിങ് നടത്തിയിട്ടുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

ഇ-കാർഡ് വിൽപ്പനയ്ക്ക് പുതിയ നിയമം; ഉപഭോക്താക്കളുടെ തിരിച്ചറിയൽ വിവരങ്ങൾ ഉറപ്പാക്കണമെന്ന് വാണിജ്യ മന്ത്രാലയം
പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ചു, സിറിയക്ക് സൗദി സമ്മാനിച്ച ആ പെട്ടിയിലെന്തായിരുന്നു? ഒടുവിൽ ഉത്തരമായി