യുഎഇ ഭരണാധികാരികള്‍ പ്രവാസികളെ നെഞ്ചോട് ചേര്‍ത്തവര്‍;പ്രവാസികള്‍ക്കായി സാധ്യമായതെല്ലാം ചെയ്യുന്നു:മുഖ്യമന്ത്രി

By Web TeamFirst Published Apr 11, 2020, 7:13 PM IST
Highlights

പ്രവാസികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയോടെ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഹെല്‍പ് ഡെസ്ക്ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം: പ്രവാസികളെ എക്കാലത്തും യുഎഇ ഭരണാധികാരികള്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ചിട്ടുള്ളവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ രോഗ കാലത്തും സ്വദേശി- വിദേശി വ്യത്യാസമില്ലാതെ അവര്‍ ഇടപെടുകയാണെന്നും പ്രവാസികള്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്ന ഭരണാധികാരികളെ കേരളം പ്രത്യേക നിലയില്‍ തന്നെ കാണുകയാണെന്നും വാര്‍ത്താസമ്മേളത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയോടെ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഹെല്‍പ് ഡെസ്ക്ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഖത്തര്‍, ഒമാന്‍, സൌദി അറേബ്യ, ബഹ്റൈന്‍, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങളിലും യു.കെ, ഇന്തോനേഷ്യ, മൊസാമ്പിക് എന്നിവിടങ്ങളിലും നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്കുകള്‍ പ്രവര്‍ത്തിക്കുന്നു. പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും പരിഹാരം കാണുകയുമാണ് ഈ ഹെല്‍പ് ഡെസ്ക്കുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.  

യുഎഇയില്‍ അസുഖമുള്ളവരെ ആശുപത്രിയിലെത്തിക്കുന്നുണ്ട്. ആവശ്യക്കാരായ മലയാളികള്‍ക്ക് ആഹാരം നല്‍കുന്നത് ഇന്നും തുടര്‍ന്നു. ഓരോ പ്രദേശത്തുമുള്ള  എല്ലാ സംഘനകളെയും കൂട്ടിയോജിപ്പിച്ചു കൊണ്ടാണ് ഇവ നടത്തുന്നത്. നിരവധി സംഘടനകളും പ്രാദേശിക കൂട്ടായ്മകളും സന്നദ്ധ സംഘടനകളുമെല്ലാം ഒരുമയോടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്. അവരെയെല്ലാം സംസ്ഥാനത്തിനുവേണ്ടി അഭിനന്ദിക്കുന്നു. അവരുടെ സഹായത്തോടെ യുഎഇയിലെ വിവിധ സ്ഥലങ്ങളില്‍ ക്വാറന്റൈന്‍ സൌകര്യം ഏര്‍പ്പെടുത്തുന്നുണ്ട്.

കൊവിഡ് പോസിറ്റീവായ എല്ലാവരെയും ക്വാറന്റൈനില്‍ സംരക്ഷിക്കുന്നതിനും എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്നതിനും സംവിധാനമായിട്ടുണ്ടെന്ന് യുഎഇ കോണ്‍സുല്‍ ജനറലുമായി ഇന്ന് നടന്ന ചര്‍ച്ചയില്‍ അറിയിച്ചിട്ടുണ്ട്. ഭക്ഷണം ലഭ്യമാക്കാനുള്ള സന്നദ്ധത പലരും ഹെല്‍പ് ഡെസ്ക്കുകളില്‍ അറിയിക്കുന്നുണ്ട്. ഓരോ പ്രദേശത്തുമുള്ള ഹെല്‍പ്പ് ഡെസ്ക്ക് പ്രവര്‍ത്തകര്‍ വാട്സ്ആപ് കൂട്ടായ്മകളുണ്ടാക്കുകയും ആവശ്യങ്ങള്‍ പരസ്പരം അറിയിച്ച് പരിഹാരം തേടുകയും ചെയ്യുന്നു. അതിരാവിലെ മുതല്‍ പാതിരാത്രി വരെ ഫോണ്‍ കോളുകള്‍ വരുന്നതിനാല്‍ ചിലര്‍ക്ക് ലൈന്‍ കിട്ടാതെ വരുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ  ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശരാജ്യങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നിരവധി പരിമിതികളുണ്ടെന്നത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

click me!