ദുബൈയിലെ അത്യാഢംബര വില്ലയിൽ ജീവിതം, പാവപ്പെട്ട പ്രവാസികൾക്ക് തണലായി, സ്വപ്ന പദ്ധതി പൂ‍ർത്തിയാകും മുമ്പ് മടക്കം

Published : Feb 01, 2026, 12:43 PM IST
c j roy

Synopsis

ദുബൈയിലെ അത്യാഢംബര വില്ലയിൽ ജീവിതം ആഘോഷമാക്കിയ സി ജെ റോയ് പാവപ്പെട്ട പ്രവാസികൾക്ക് തണലായിരുന്നു. ദുബൈയിലെ എമിറേറ്റ്സ് ഹിൽസിലെ വില്ലയിൽ ലോകത്തിലെ ഒട്ടുമിക്ക കാറുകളും റോയ് സ്വന്തമാക്കിയിട്ടുണ്ട്.

ദുബൈ: ഒരു സിനിമക്കഥയെ വെല്ലുന്ന ട്വിസ്റ്റുകള്‍ നിറഞ്ഞ ജീവിതമായിരുന്നു കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി ജെ റോയിയുടേത്. ഐടി കമ്പനിയിലെ സുരക്ഷിത ജോലി ഉപേക്ഷിച്ച് റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ഇറങ്ങിയ അദ്ദേഹത്തിന് കടന്നുപോകേണ്ടി വന്നത് നിരവധി പ്രതിസന്ധികളിലൂടെയാണ്. എന്നാല്‍ എത്ര വലിയ പ്രതിസന്ധിയെയും വിജയത്തിന്‍റെ ചവിട്ടുപടിയാക്കി മാറ്റി 'കോൺഫിഡന്‍റായി' മുന്നേറിയ അദ്ദേഹം സാധാരണക്കാര്‍ക്ക് പോലും അത്രയും പരിചിതമായൊരു സംരംഭകനായി വളർന്നു. ഇരുപത് വർഷത്തിലേറെയായി പ്രവാസലോകത്തോടും ചേര്‍ന്നു നിന്ന വ്യക്തിയായിരുന്നു സി ജെ റോയ്. അതുകൊണ്ട് അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത വിയോഗം ഗൾഫ് മലയാളികളെയും ഞെട്ടിച്ചു.

ജനിച്ചതും പഠിച്ചതും വളര്‍ന്നതുമെല്ലാം ബെംഗളൂരുവിലാണെങ്കിലും ദുബൈയും അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട നഗരമായിരുന്നു. ദുബൈയിലെ എമിറേറ്റ്സ് ഹിൽസിലെ അത്യാഢംബര വില്ലയില്‍ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം എല്ലാ വിധ സൗകര്യങ്ങളോടെയും അദ്ദേഹം ജീവിതം ആഘോഷമാക്കി. ദുബൈയിലെ എമിറേറ്റ്സ് ഹിൽസിലെ വില്ലയിൽ ലോകത്തിലെ ഒട്ടുമിക്ക കാറുകളും റോയ് സ്വന്തമാക്കിയിട്ടുണ്ട്. 12 റോൾസ് റോയിസ് റോയ്സ് കാറുകൾ, ബുഗാട്ടി, അതിന്റെ ലിമിറ്റഡ് എഡിഷൻ മോഡലുകൾ, ഹമ്മർ, കാഡിലാക്, ലംബോർഗിനി, ഫെറാറി, റേഞ്ച്റോവർ അങ്ങനെ അത്യാഢംര വാഹനങ്ങളുടെ ആരും കൊതിക്കുന്ന ശേഖരം തന്നെ സി ജെ റോയ്ക്ക് ദുബൈയിലുണ്ട്.

ഒരു രൂപ പോലും കടം ഇല്ലാതെയാണ് തന്‍റെ 36-ാം വയസ്സില്‍ അദ്ദേഹം വിമാനം വാങ്ങിയത്. ദുബൈ എയർ ഷോയിൽ ഒരിക്കൽ 11 വിമാനങ്ങൾക്ക് അദ്ദേഹം ഓർഡർ നൽകിയിരുന്നു. ഒരു മലയാളി സംരംഭകൻ നൽകുന്ന ഏറ്റവും വലിയ ഫ്ലൈറ്റ് ഓർഡറായിരുന്നു അത്. എന്നാൽ, പിന്നീട് ആ കച്ചവടം നടക്കാതെ പോയി. ഇന്ത്യയിലെ എല്ലാ വാഹനങ്ങളുടെയും നന്പർ 3 ആണ്. ദുബൈയിൽ അതിനു സാധിക്കാത്തതിനാൽ തമ്മിൽ കൂട്ടുമ്പോൾ 3 ലഭിക്കുന്ന നമ്പറുകളാണ് വാങ്ങിയിരിക്കുന്നത്.

ജോലി ഉപേക്ഷിച്ച് 1997ല്‍ റിയല്‍ എസ്റ്റേറ്റിലേക്ക് ഇറങ്ങുമ്പോള്‍ ആത്മവിശ്വാസമായിരുന്നു റോയിയുടെ മുഖ്യ മൂലധനം. അതിവേഗത്തിലായിരുന്നു കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്‍റെയും റോയിയുടെയും വളര്‍ച്ച. ബെംഗളൂരുവില്‍ നിന്ന് തുടങ്ങിയ റിയല്‍ എസ്റ്റേറ്റ് വിജയഗാഥ റോയ് കേരളത്തിലേക്കും കടലിനക്കരെ ദുബൈയിലേക്കും പടര്‍ത്തി. പാവപ്പെട്ട പ്രവാസികളെ സഹായിക്കുന്നതിലും സി ജെ റോയ് എന്നും മുമ്പിലുണ്ടായിരുന്നു. പൊതുമാപ്പ് സമയത്ത് റോയ് നിരവധി പാവപ്പെട്ട പ്രവാസികളുടെ രക്ഷകനായി. പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങാനിരുന്ന ഒട്ടേറെ പ്രവാസികള്‍ക്ക് അദ്ദേഹം വിമാന ടിക്കറ്റുകള്‍ നല്‍കി. രണ്ട് വിമാനമാണ് ഇതിനായി ചാർട്ടർ ചെയ്ത് നൽകിയത്. 2024 ലാണ് ആദ്യ പദ്ധതിക്ക് ദുബൈയിൽ തുടക്കമിടുന്നത്. 'കോൺഫിഡന്റ് ലാൻകാസ്റ്റർ' എന്ന പേരിലുള്ള പദ്ധതി വെറും 11 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കി. ഇതിന്റെ മുഴുവൻ യൂനിറ്റുകളും ഉടമകൾക്ക് കൈമാറുകയും ചെയ്തിരുന്നു. തുടർന്ന് 2025 സെപ്റ്റംബറിലാണ് ദുബായ് ലിവാനിൽ പുതിയ ആഢംബര താമസ സമുച്ചയത്തിന് കോൺഫിഡന്റ് ഗ്രൂപ്പ് തുടക്കമിട്ടത്. 'കോൺഫിഡന്റ് പ്രസ്റ്റൻ' എന്ന പേരിലാണ് ലിവാനിൽ 99 സ്മാർട്ട് ഹോം യൂണിറ്റ് ഉൾപ്പെടുന്ന ബഹുനില സമുച്ചയത്തിന് തറക്കല്ലിട്ടത്. ഈ ഈ പദ്ധതി അതിവേഗത്തിൽ പുരോഗമിക്കുന്നതിനിടെയാണ് റോയിയുടെ വിയോഗം.

165ലേറെ വമ്പന്‍ ഫ്ലാറ്റ് പ്രോജക്റ്റുകളിലൂടെ ഉപഭോക്താക്കളുടെ വിശ്വാസമാര്‍ജിച്ച റോയ് സിനിമയടക്കം മറ്റ് പല മേഖലകളിലേക്കും തന്‍റെ ബിസിനസ് സാമ്രാജ്യം വ്യാപിപ്പിച്ചു. കാസിനോവയും അനോമിയുമടക്കം മലയാളത്തിലും കന്നഡയിലും തെലുങ്കിലുമായി പത്തിലേറെ സിനിമകളുടെ നിര്‍മാതാവായി. ആദിയടക്കം ചില സിനിമകളിലൂടെ അഭിനയത്തിലും ഒരു കൈ നോക്കി. കൈവച്ച മേഖലകളിലെല്ലാം നേടിയ വമ്പന്‍ വിജയം റോയ് എന്ന സംരംഭകന് വലിയ ആരാധക പിന്തുണയും നേടിക്കൊടുത്തു. ഇന്‍സ്റ്റഗ്രാമില്‍ പതിമൂന്ന് ലക്ഷം ആളുകള്‍ ഫോളോ ചെയ്യുന്നുണ്ട് സി ജെ റോയിയുടെ അക്കൗണ്ട്. ആത്മവിശ്വാസത്തെക്കുറിച്ചും ഇച്ഛാശക്തിയെ കുറിച്ചുമാണ് എപ്പോഴും റോയ് സംസാരിച്ചിരുന്നത്. നിരവധി പേർക്ക് പ്രചോദനമായ ജീവിതം ഇത്തരത്തിൽ അപ്രതീക്ഷിതമായി അവസാനിച്ചതിന്‍റെ ഞെട്ടലിലാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവ‍ർ. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പത്ത് വർഷത്തെ ഇടവേളക്ക് ശേഷം കരിപ്പൂരിൽ പറന്നിറങ്ങി സൗദി എയർലൈൻസ് വിമാനം
തലച്ചോറിൽ രക്തസ്രാവമുണ്ടായി രണ്ടര മാസം ആശുപത്രിയിൽ, പ്രവാസി ഒടുവിൽ മരണത്തിന് കീഴടങ്ങി