
ദുബായ്: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസി ഇന്ത്യക്കാരുടെ അഭിപ്രായം തേടി കോണ്‍ഗ്രസ്. പ്രവാസി വിഭാഗമായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ദുബായില്‍ സംഘടിപ്പിച്ച എന്‍ആര്‍ഐ ഗ്ലോബല്‍ മാനിഫെസ്റ്റോ മീറ്റില്‍ 16 രാജ്യങ്ങളിലെ 180 പ്രതിനിധികള്‍ പങ്കെടുത്തു. സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ അടുത്തമാസം പുറത്തിറക്കുന്ന പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന് ശേഷം നടക്കുന്ന ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു രണ്ട് ദിവസത്തെ സമ്മേളനം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ പ്രവാസി ഇന്ത്യക്കാരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി 16 രാജ്യങ്ങളില്‍ നിന്ന് ക്ഷണിക്കപ്പെട്ട 180 പ്രതിനിധികള്‍ തങ്ങളുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു. 'മഹാത്മാഗാന്ധി; 150 വര്‍ഷങ്ങള്‍, ഇന്ത്യന്‍ കാഴ്ചപ്പാട്' എന്ന വിഷയത്തില്‍ നടന്ന പരിപാടിയില്‍ ഐഒസി ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. സാം പിത്രോഡ മുഖ്യാതിഥിയായിരുന്നു.
മുന്‍വര്‍ഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്ഥമായി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ സമാഹരിച്ചാണ് കോണ്‍ഗ്രസ് ഇത്തവണ പ്രകടന പത്രിക തയ്യാറാക്കുന്നതെന്ന് ഡോ. സാം പിത്രോഡ പറഞ്ഞു. 14 വിഷയങ്ങളില്‍ സബ് കമ്മിറ്റികള്‍ രൂപീകരിച്ച് ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്ന് വിവിധ കമ്മിറ്റികളുടെ ചുമതലക്കാര്‍ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് അവതരിപ്പിച്ചു. എ ഐ സി സി മാനിഫെസ്റ്റോ കണ്‍വീനര്‍ രാജീവ് ഗൗഡ എംപി, എ ഐ സി സി സെക്രട്ടറിമാരായ ഹിമാന്‍ഷു വ്യാസ് തുടങ്ങിയവര്‍ രണ്ട് ദിവസത്തെ സമ്മേളനത്തിന് നേതൃത്വം നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam