കൊറോണ വൈറസ്: സന്ദർശന വിസയിൽ സൗദിയിലെത്തിയവര്‍ക്ക് വിമാനത്താവളത്തില്‍ രക്തപരിശോധന

By Web TeamFirst Published Feb 29, 2020, 9:05 AM IST
Highlights

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സന്ദർശന വിസയിൽ സൗദി അറേബ്യയിൽ എത്തിയവരെ വിമാനത്താവളങ്ങളില്‍ രക്തപരിശോധനയ്ക്ക് വിധേയരാക്കി.

റിയാദ്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സന്ദർശന വിസയിൽ സൗദി അറേബ്യയിൽ എത്തിയവര്‍ക്ക് രാജ്യത്തെ വിമാനത്താവളങ്ങളില്‍ രക്തപരിശോധന. ഇതോടെ ദമ്മാം, റിയാദ്, ജിദ്ദ എയർപ്പോർട്ടുകളിൽ കേരളത്തിൽ നിന്ന് വന്നവരടക്കം പുറത്തറിങ്ങാനാവാതെ ഏറെ നേരം ടെർമിനലിനുള്ളിൽ കഴിയേണ്ടി വന്നു. കുടുംബങ്ങൾ വിമാനത്താവള ടെർമിനലിലും അവരെ സ്വീകരിക്കാൻ വന്ന കുടുംബനാഥന്മാരും മറ്റും പുറത്തുമായി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നു. ഉച്ചക്ക് എത്തിയവർക്ക് വൈകുന്നേരമാണ് പുറത്തിറങ്ങാൻ കഴിഞ്ഞത്.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സൗദി അറേബ്യയിലേക്ക് ഉംറ, ടൂറിസ്റ്റ് വിസകളിൽ വരുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ ആരോഗ്യ പരിശോധന ഉൾപ്പെടെയുള്ള കർശന നടപടികൾ മൂലമാണ് കാലതാമസമുണ്ടായത്. മലയാളി കുടുംബങ്ങൾ അടക്കമുള്ളവർക്ക് ഇങ്ങനെ മണിക്കൂറുകളോളം വിമാനത്താവളത്തിനുള്ളില്‍ കഴിയേണ്ടി വന്നു. ഇനിയും പുറത്തിറങ്ങാനുള്ളവർ ബാക്കിയുണ്ട്. പരിശോധനകൾക്ക് വേണ്ടിയാണ് സമയമെടുക്കുന്നത്. രക്തപരിശോധന നടത്തിയ ശേഷമാണ് പുറത്തേക്ക് വിട്ടതെന്ന് ഒരു മലയാളി കുടുംബം പറഞ്ഞു. ഉച്ചക്ക് സൗദിയിലെ സ്വകാര്യ എയർലൈനിൽ റിയാദിലെത്തിയവരാണ് ഇവർ. വിസിറ്റ് വിസയിലാണ് വന്നത്. ആറേഴ് മണിക്കൂറുകൾക്ക് ശേഷമേ പുറത്തിറങ്ങാനായുള്ളൂ. പരിശോധനക്കായി രക്തസാമ്പിൾ ശേഖരിച്ചെന്നും അവർ പറഞ്ഞു.

Read More: ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസകള്‍ നല്‍കുന്നത് സൗദി അറേബ്യ നിര്‍ത്തിവെച്ചു

ഉംറ, ടൂറിസ്റ്റ് വിസയൊഴികെ ബാക്കി ഒരു വിസയിലും റീഎൻട്രിയിലുമുള്ളവർക്ക് പ്രവേശന വിലക്കില്ലാത്തതു കൊണ്ടാണ് സൗദി എയർലൈൻസ് ഉൾപ്പെടെ വിമാനങ്ങളിൽ ബോർഡിങ് അനുവദിക്കുന്നതും കൊണ്ടുവരുന്നതും. ആരോഗ്യപരിശോധന അടക്കമുള്ള സുരക്ഷാനടപടികൾ കർശനമാക്കിയത് കൊണ്ടുള്ള കാലതാമസമാണ് വിമാനത്താവളങ്ങളില്‍ അനുഭവപ്പെടുന്നത്. എന്നാൽ സൗദിയിലേക്ക് ഏത് വിസയിലും വരുന്നവരെ അതത് രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നു എന്ന നിലയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അനുഭവസ്ഥരായ യാത്രക്കാരുൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു. റീഎൻട്രി വിസയിലും വിസിറ്റ്, ബിസിനസ് വിസകളിലുമുള്ളവർക്കെല്ലാം സൗദിയിേലക്ക് വരാമെന്ന് സൗദി പാസ്പോർട്ട് വിഭാഗം ആവർത്തിച്ച് വ്യക്തമാക്കി.

click me!