
ദില്ലി: 157 പേര്‍ മരണപ്പെട്ടെ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനാപകടത്തിന് പിന്നാലെ നിരവധി രാജ്യങ്ങള്‍ ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സര്‍വീസ് നിരോധിച്ചിരിക്കുകയാണ്. നേരത്തെ ഇന്തോനേഷ്യയുടെ ലയര്‍ എയറിന്റെ ഇതേ വിഭാഗത്തിലുള്ള വിമാനം തകര്‍ന്ന് 189 പേര്‍ മരിച്ചിരുന്നു. ഇതോടെയാണ് വിവിധ രാജ്യങ്ങളിലെ വ്യോമ ഗതാഗത നിയന്ത്രണ അതോരിറ്റികള്‍ വിമാനം ഉപയോഗിക്കുന്നത് വിലക്കിയത്.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇത്തരം വിമാനങ്ങള്‍ സര്‍വീസിന് ഉപയോഗിക്കുന്നുണ്ട്. ഇവ പിന്‍വലിക്കുന്നതോടെ വിമാന സര്‍വീസുകളില്‍ കുറവ് വരും. ചില സര്‍വീസുകളെങ്കിലും റദ്ദാക്കപ്പെടാനും സാധ്യതയുണ്ട്. ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സര്‍വീസ് നിരോധിച്ച രാജ്യങ്ങള്‍ ഇവയാണ്.
1. ഇന്ത്യ
ചൊവ്വാഴ്ച വൈകുന്നേരമാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ബോയിങ് 737-800 മാക്സ് വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തലാക്കാനുള്ള ഉത്തരവിട്ടത്. ഇന്ന് വൈകുന്നേരത്തോടെ ഇത്തരം വിമാനങ്ങളുടെ സര്‍വീസ് അവസാനിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ജെറ്റ് എയര്‍വേയ്സും സ്പൈസ് ജെറ്റുമാണ് ഇന്ത്യയില്‍ ഇവ ഉപയോഗിക്കുന്നത്. ജെറ്റ് എയര്‍വേയ്സിന് അഞ്ചും സ്പൈസ് ജെറ്റിന് 12ഉം വിമാനങ്ങളുടെ സര്‍വീസ് അവസാനിപ്പിക്കേണ്ടി വരും.
2. യുഎഇ
ബുധനാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം നാല് മണി മുതല്‍ യുഎഇയില്‍ ബോയിങ് 737 മാക്സ് 8, മാക്സ് 9 വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. ദുബായ് ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ഫ്ലൈ ദുബായ് ഇത്തരം വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. 737 മാക്സ് 8 വിഭാഗത്തില്‍ പെടുന്ന 11 വിമാനങ്ങളും രണ്ട് മാക്സ് 9 വിമാനങ്ങളുമാണ് ഫ്ലൈ ദുബായിക്കുള്ളത്. മറ്റ് വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് ക്രമീകരിക്കുമെന്ന് കമ്പനി അറയിച്ചു.
3. കുവൈത്ത്
കുവൈത്ത് വഴി പറക്കുന്ന വിമാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ കമ്പനികള്‍ക്കും നിരോധനം ബാധക്കമാക്കിയിട്ടുണ്ട്. മറിച്ചൊരു നിര്‍ദ്ദേശം വരെ നിയന്ത്രണം തുടരും.
4. ഒമാന്‍
കഴിഞ്ഞ ദിവസം മുതല്‍ തന്നെ ഒമാനില്‍ നിയന്ത്രണം പ്രാബല്യത്തില്‍ വന്നു.
5. യൂറോപ്പ്
വിമാനങ്ങള്‍ ഇപ്പോഴുള്ള സ്ഥലത്ത് നിന്ന് തിരികെയെത്തിക്കാനായി യാത്രക്കാരില്ലാതെ ഒരോറ്റ തവണ കൂടി മാത്രമേ ബോയിങ് 737 മാക്സ് 8, മാക്സ് 9 വിമാനങ്ങള്‍ പറത്താവൂ എന്നാണ് യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയുടെ അറിയിപ്പ്.
6. സിംഗപ്പൂര്‍
സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള സില്‍ക്ക് എയര്‍ ഇത്തരം വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ചില ഷെഡ്യൂളുകളില്‍ മാറ്റം വരുത്തേണ്ടി വരുമെന്ന് കമ്പനി അറിയിച്ചു.
7. ഓസ്ട്രേലിയ
ഫിജി എയര്‍ലൈന്‍സ് മാത്രമാണ് ഓസ്ട്രോലിയയില്‍ ഇത്തരം വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. ഇവയുടെ സര്‍വീസുകള്‍ അവസാനിപ്പിച്ചു.
മറ്റ് രാജ്യങ്ങള്‍
8. യു.കെ
9. ചൈന
10. അര്‍ജന്റീന
11. ബ്രസീല്‍
12. കേയ്മൻ ദ്വീപുകൾ
14. ദക്ഷിണ കൊറിയ
15. എത്യോപ്യ
16. ഇന്തോനേഷ്യ
17. മെക്സിക്കോ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam