
മനാമ: ബഹ്റൈനില്‍ ഡോക്ടര്‍മാരുടെ പിഴവ് കാരണം ഇരട്ടക്കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ 22,000 ദിനാര്‍ (48 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വിധി. പിഴവ് വരുത്തിയ രണ്ട് ഡോക്ടര്‍മാരും ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയവും ചേര്‍ന്ന് ഈ തുക, മരിച്ച കുട്ടികളുടെ അച്ഛനും അമ്മയ്‍ക്കും നല്‍കണമെന്നാണ് ഹൈ സിവില്‍ കോടതി വിധിച്ചിരിക്കുന്നത്.
2021 ഒക്ടോബര്‍ 16ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ വെച്ച് നവജാത ശിശുക്കള്‍ മരിച്ച സംഭവത്തിലാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്. മാസം തികയാതെ പ്രസവിച്ച ഇരട്ടക്കുട്ടികളായ സഹ്റയും ഫാത്തിമയും പ്രസവം കഴിഞ്ഞ് അധികം വൈകാതെ മരിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. കുട്ടികളുടെ പിതാവായ ബഹ്റൈന്‍ പൗരന്‍ ഖാസിം അല്‍ ബിലാദി അതേ ദിവസം തന്നെ ഖബറടക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ കുട്ടികള്‍ കരയുകയായിരുന്നു. ഇതോടെ അദ്ദേഹം കുട്ടികളെയുമായി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലേക്ക് കുതിച്ചു. അവിടെ അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ചികിത്സയില്‍ കഴിയുന്നതിനിടെ ഒന്‍പത് ദിവസത്തിന് ശേഷം ഒക്ടോബര്‍ 25ന് രണ്ട് പേരും മരണപ്പെടുകയായിരുന്നു. മൃതദേഹങ്ങള്‍ പിന്നീട് ബിലാദ് അല്‍ ഖദീം ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആശുപത്രി ജീവനക്കാരുടെ ജാഗ്രതക്കുറവാണ് കുട്ടികള്‍ക്ക് കൃത്യസമയത്ത് മതിയായ പരിചരണം ലഭിക്കാതിരിക്കാന്‍ കാരണമായതെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി. കുട്ടികളുടെ ശാരീരിക നില പരിശോധിക്കും മുമ്പ് മരിച്ചെന്ന് വിധിയെഴുതി. അവര്‍ക്ക് ആവശ്യമായ ശ്രദ്ധയോ പരിചരണമോ നല്‍കാത്തതിന് മൂന്ന് ഡോക്ടര്‍മാരും ഒരു നഴ്‍സും കുറ്റക്കാരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മതിയായ തെളിവുകളില്ലാത്തതിനാല്‍ പലരെയും പിന്നീട് വിചാരണയുടെ പല ഘട്ടങ്ങളില്‍ കുറ്റവിമുക്തരാക്കിയെങ്കിലും ഒരു ബഹ്റൈനി ഡോക്ടറും ഇന്ത്യക്കാരിയായ മറ്റൊരു ഡോക്ടറും കുറ്റക്കാരാണെന്ന് കോടതികള്‍ കണ്ടെത്തി. ഇരുവര്‍ക്കും 12 മാസം വീതം ജയില്‍ ശിക്ഷ വിധിച്ചു.
കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന് രണ്ട് ഡോക്ടര്‍മാരും ഉത്തരവാദികളാണെന്ന് കോടതി കണ്ടെത്തിയതോടെയാണ് തങ്ങള്‍ക്കുണ്ടായ മാനസിക പ്രയാസത്തിന് നഷ്ടപരിഹാരം നേടി മാതാപിതാക്കള്‍ സിവില്‍ കോടതിയെ സമീപിച്ചത്. 30,000 ദിനാറാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. പരാതിക്കാരനുണ്ടായ നഷ്ടത്തിന് ഡോക്ടര്‍മാര്‍ കാരണക്കാരാണെന്ന് ക്രിമിനല്‍ കോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അവര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സിവില്‍ കോടതിയും വിധി പ്രസ്‍താവിക്കുകയായിരുന്നു. 22,000 ദിനാറിന്റെ നഷ്ടപരിഹാരമാണ് കോടതി വിധിച്ചത്. ചികിത്സാ പിഴവുണ്ടായ ആശുപത്രി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ളതായതിനാല്‍ മന്ത്രാലയത്തിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടാണ് ആരോഗ്യ മന്ത്രാലയവും കുറ്റക്കാരായ ഡോക്ടര്‍മാരും ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചത്.
Read also: തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് ഖത്തര്‍ എയര്‍വേയ്സ് ഡ്രീംലൈനര്‍ സര്‍വീസ് തുടങ്ങി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ