
റിയാദ്: സൗദിയിൽ ഇന്നു മുതൽ രണ്ടു ആഴ്ചത്തേക്ക് അന്താരാഷ്ട്ര വിമാനങ്ങളില്ല. ഈ കാലയളവിൽ സൗദിയിലേക്ക് മടങ്ങാൻ കഴിയാത്തവരെ ഔദ്യോഗിക അവധിയിലുള്ളവരായി പരിഗണിക്കും. രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് രണ്ടാഴ്ചത്തേക്ക് സൗദിയിൽ നിന്നുള്ള അന്തരാഷ്ട്ര വിമാനസർവീസുകൾ നിർത്തിവെക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. 15 ാം തിയതി രാവിലെ 11 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.
ഈ കാലയളവിൽ തിരിച്ചെത്താൻ കഴിയാതെ സ്വദേശത്തു കഴിയുന്ന റസിഡന്‍റ് പെർമിറ്റുള്ളവരെ ഔദ്യോഗിക അവധിയിലുള്ളവരായി പരിഗണിക്കും. എന്നാൽ അടിയന്തിര സാഹചര്യങ്ങളിൽ വിമാന സർവീസ് അനുവദിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം രാജ്യത്ത് പുതിയതായി 24 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സൗദിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 86 ആയി. ഈ പശ്ചാത്തലത്തിൽ കൂടുതൽ മുൻകരുതൽ നടപടികളാണ് രാജ്യം കൈക്കൊള്ളുന്നത്.
ഈ വർഷം ആദ്യ പാദത്തിൽ റിയാദിൽ നടത്താനിരുന്ന സൗദി- ആഫ്രിക്ക, അറബ് -ആഫ്രിക്ക ഉച്ചകോടികൾ മാറ്റിവെച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇനി ഒരറിയിപ്പു ഉണ്ടാകുന്നതുവരെ രാജ്യത്തെ മുഴുവൻ കായിക മത്സരങ്ങളും മാറ്റിവെച്ചതായും സൗദി ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ഓഡിറ്റോറിയങ്ങളിലും ഹോട്ടലുകളിലും അടക്കം വിവാഹാഘോഷങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പരിപാടികളും ആഭ്യന്തര മന്ത്രാലയം വിലക്കി. ആരോഗ്യ സുരക്ഷ മുൻ നിർത്തി വിലക്ക് എല്ലാവരും പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
മുൻകൂട്ടി നിശ്ചയിച്ച വിവാഹാഘോഷ ചടങ്ങുകൾ ഉൾപ്പെടെ ഹോട്ടലുകൾ റദ്ദാക്കി തുടങ്ങി. വീടുകളിലും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ഒരു പരിപാടികളും നടത്തരുതെന്നും നിർദ്ദേശമുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന മുഴുവൻ ആളുകളും പുറത്തുപോകാതെ പതിനാലു ദിവസം സ്വന്തം മുറികളിൽ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാർച്ച് 13 മുതൽ രാജ്യത്ത് എത്തിയവർക്ക് 14 ദിവസം മെഡിക്കൽ ലീവ് ആയി പരിഗണിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വദേശികൾക്കും വിദേശികൾക്കും ഇത് ബാധകമാണ്. കൊവിഡ് ബാധിത രാജ്യങ്ങളിൽ നിന്നെത്തിയവർ 937 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ