യുഎഇയില്‍ 294 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; സൗദിയില്‍ മരണം 34 ആയി

By Web TeamFirst Published Apr 6, 2020, 7:39 AM IST
Highlights

294 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ യുഎഇയിലെ രോഗബാധിതരുടെ എണ്ണം 1799 ആയി. സൗദിയില്‍ ഇതുവരെ 2385 പേരിലാണ് രോഗം സ്ഥിരീകരിച്ചത്.

ദുബായ്: സൗദി അറേബ്യയിലും യുഎഇയിലും കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു. യുഎഇയില്‍ 294 പേരില്‍ കൂടി വൈറസ് സ്ഥിരീകരിച്ചു. സൗദിയില്‍ കൊവിഡ് മരണം 34 ആയി. വെല്ലുവിളികൾ ഒറ്റക്കെട്ടായി നേരിടുമെന്ന് ദുബായ് ഭരണാധികാരി പറഞ്ഞു

294 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ യുഎഇയിലെ രോഗബാധിതരുടെ എണ്ണം 1799 ആയി. സൗദിയില്‍ ഇതുവരെ 2385 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണം 34 ആയി. റിയാദിലാണ് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തത്. സൗദിയില്‍ രോഗം സ്ഥിരീകരിച്ചവരിൽ 53 ശതമാനം വിദേശികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, കുവൈത്തിൽ പുതിയതായി രോഗം സ്ഥിരീകരിച്ച അമ്പത്തെട്ട് ഇന്ത്യക്കാർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച 556 പേരില്‍ 225പേര്‍ ഇന്ത്യക്കാരാണ്.  ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വൈറസ് പടരുന്നത് രാജ്യത്ത് കഴിയുന്ന പത്ത് ലക്ഷത്തിലധികമുള്ള ഇന്ത്യക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. 

യുഎഇയിലെ താമസ വിസാ കാലാവധി കഴിഞ്ഞവർക്ക് ഈ വർഷാവസാനം വരെ പിഴ ഒഴിവാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൊവിഡ് യാത്രാവിലക്ക് കാരണം വിസാകാലാവധി കഴിഞ്ഞ് നാട്ടില്‍ കുടുങ്ങിയവര്‍ക്ക് തീരുമാനം ആശ്വാസം പകരും. നിലവിലെ വെല്ലുവിളികൾ  ഒറ്റക്കെട്ടായി നേരിടുമെന്ന് യുഎഇ വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

click me!