ലണ്ടൻ: കൊവിഡ് ബാധിച്ച് ലണ്ടനിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ ഡോ. പൂർണിമ നായരാണ് മരിച്ചത്. 56 വയസ്സായിരുന്നു. മിഡിൽസ്പ്രോയിലെ നോർത്ത് ഈസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. കഴിഞ്ഞ മൂന്നാഴ്ചയായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ചികിത്സ തുടർന്നിരുന്നത്. ഇവർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്.
ബിഷപ്പ് ഓക്ക്‍ലാൻഡിലെ സ്റ്റേഷൻ ബി മെഡിക്കൽ സെന്‍ററിലെ ജനറൽ പ്രാക്ടീഷണറായിരുന്നു ഡോ. പൂർണിമ. സന്ദർലാൻഡ് റോയൽ ഹോസ്‌പിറ്റൽ സീനിയർ സർജൻ ഡോ. ബാലാപുരിയാണ് ഭർത്താവ്. ഏകമകൻ വരുൺ. പത്തനംതിട്ടയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് ദില്ലിയിലെത്തി അവിടെ സ്ഥിരതാമസമാണ് ഡോ. പൂർണിമയുടെ കുടുംബം.
ഇതോടെ ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 13 ആയി. കൊവിഡ് ബാധിച്ച് ബ്രിട്ടനിൽ ഡോ. പൂർണിമയുൾപ്പടെ പത്ത് ആരോഗ്യപ്രവർത്തകരാണ് മരിച്ചത്.
ഇന്ന് മുതൽ ബ്രിട്ടനിൽ ലോക്ക്ഡൗണിൽ ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ എണ്ണത്തിൽ നേരത്തേ കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും വീണ്ടും വർദ്ധിക്കുന്നത് ആശങ്കയാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 627 മരണങ്ങളാണ് രേഖപ്പെടുത്തിയത്. 3093 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 32,692 ആയി.
രാജ്യത്തെ 80% തൊഴിൽ നഷ്ടപ്പെട്ടവർക്കും 2500 പൗണ്ട് വരെ സഹായധനം പ്രഖ്യാപിച്ച പദ്ധതിയ്ക്കും ഇന്ന് തുടക്കമാകും. ഏഴര മില്യൺ പേർക്കാണ് ഇതിന്‍റെ ആനുകൂല്യം ലഭിക്കുക. സ്വകാര്യകമ്പനികളിൽ കൂട്ടപ്പിരിച്ചുവിടൽ ഉണ്ടായാൽത്തന്നെ അത് ജനങ്ങളെ ബാധിക്കാതിരിക്കാനാണ് ഈ പദ്ധതി. 10,000 മില്യൺ പൗണ്ടാണ് ഈ പദ്ധതിക്കായി യുകെ സർക്കാർ വകയിരുത്തിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ