പ്രവാസികൾക്ക് ആശ്വാസം, 4 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് പിപിഇ കിറ്റ് മതി

By Web TeamFirst Published Jun 24, 2020, 11:23 AM IST
Highlights

പരിശോധനാസൗകര്യം ഇല്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് പിപിഇ കിറ്റ് മതി എന്നാണ് മന്ത്രിസഭായോഗതീരുമാനം. സൗദിയിൽ നിന്നാണ് ഏറ്റവും കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ നിലവിൽ അനുമതി തേടിയിരിക്കുന്നത്. 

തിരുവനന്തപുരം: കൊവിഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവാസികൾക്ക് നാട്ടിലേക്ക് വരാനാകില്ലെന്ന നിബന്ധനയിൽ ഇളവ് വരുത്താൻ സംസ്ഥാനസർക്കാർ തീരുമാനിച്ചു. പരിശോധനാ സൗകര്യമില്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികൾക്ക് നോ കൊവിഡ് സർട്ടിഫിക്കറ്റ് വേണ്ട, പകരം പിപിഇ കിറ്റ് ധരിച്ചാൽ മതിയെന്നാണ് തിരുവനന്തപുരത്ത് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. യാത്ര ചെയ്യുന്നവർക്ക് പിപിഇ കിറ്റുകൾ നൽകാൻ വിമാനക്കമ്പനികളോട് സംസ്ഥാനസർക്കാർ നിർദേശിച്ചേക്കും.

പരിശോധനാസൗകര്യമില്ലാത്ത സൗദി, കുവൈറ്റ്, ബഹ്റിൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇളവ്. ഖത്തറിലും യുഎഇയിലും പരിശോധനാസൗകര്യങ്ങളുണ്ട്. ഇവിടെ നിന്ന് വരുന്നവർക്ക് പരിശോധന നിർബന്ധമാണ്. 

ഏറ്റവും കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ കേരളത്തിലേക്ക് എത്തുന്നത് സൗദി, ഒമാൻ, ബഹ്റൈൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നാണ്. ഇവിടെ പരിശോധനാസൗകര്യം കുറവാണെന്ന പരാതി വ്യാപകമായി ഉയർന്നിരുന്നതാണ്. അതിനാലാണ് ഇവിടെ നിന്ന് വരുന്ന യാത്രക്കാർക്കാണ് പിപിഇ കിറ്റ് മതിയെന്ന ഇളവ് നൽകുന്നത്. 

വിമാനക്കമ്പനികൾ തന്നെ പിപിഇ കിറ്റ് യാത്രക്കാർക്ക് നൽകണമെന്നാണ് നിർദേശം. എൻ 95 മാസ്ക് ഉള്ളതോ ഇല്ലാത്തതോ ആയ പിപിഇ കിറ്റ് മതിയെന്നും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 

ഗൾഫ് രാജ്യങ്ങളിൽ യാത്രികരെ ടെസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തിന് സംസ്ഥാനസർക്കാർ കത്ത് നൽകിയിരുന്നു. വിദേശകാര്യമന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ വിവിധ മിഷനുകളുമായി ആശയവിനിമയം നടത്തി. എന്നാൽ വിവിധ രാജ്യങ്ങളിലും നോ കൊവിഡ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സൗകര്യമില്ല എന്നാണ് സർക്കാരിനെ മിഷനുകൾ അറിയിച്ചത്. യുഎഇ റാപ്പിഡ് ആന്‍റിബോഡ‍ി ടെസ്റ്റ് നടത്തുന്നു. ഖത്തറിൽ ഒരു പ്രത്യേക ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഇതിൽ ഗ്രീൻ സ്റ്റാറ്റസുള്ളവർക്ക് മാത്രമേ യാത്ര ചെയ്യാനാകൂ. കുവൈറ്റിൽ നിലവിൽ രണ്ട് ടെർമിനലുകളിൽ മാത്രമാണ് ഇപ്പോൾ ടെസ്റ്റുള്ളത്. ഇത് കൂടുതൽ ടെർമിനലുകളിലേക്ക് വ്യാപിപ്പിക്കാനാകുമോ എന്ന് പരിശോധിച്ച് വരികയാണ്. കുവൈറ്റിൽ ടെസ്റ്റൊന്നിന് ഏതാണ്ട് 1000 രൂപയാണ് ചെലവ് വരിക. ഒമാനിൽ ആർടിപിസിആർ ടെസ്റ്റ് മാത്രമേ ഉള്ളൂ. സ്വകാര്യആശുപത്രികളെ എംബസി സമീപിച്ചു. എന്നാൽ ജൂൺ 25-ന് ഇത് പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് സംസ്ഥാനസർക്കാരിന് വിവരം ലഭിച്ചത്. സൗദിയിലും റാപ്പിഡ് ആന്‍റിബോഡി ടെസ്റ്റ് ചില സ്വകാര്യ ആശുപത്രികൾ നടത്തുന്നു. ഇത് സർക്കാർ അംഗീകരിച്ചിട്ടില്ല. ബഹ്റിനിൽ ഇതിന് പ്രയാസമുണ്ടെന്നാണ് അറിയിപ്പ് ലഭിച്ചത്. 

ഈ സാഹചര്യത്തിലാണ് നിലവിലുള്ള വ്യവസ്ഥകളിൽ ഇളവ് വരുത്താൻ സംസ്ഥാനസർക്കാർ തീരുമാനിച്ചത്. സർക്കാർ തീരുമാനത്തെ വിവിധ പ്രവാസിസംഘടനകൾ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. 

click me!