'പ്രവാസികൾ വന്നാൽ എല്ലാം സർക്കാർ ചെയ്യാം, എത്തിച്ചാൽ മതി', മോദിക്ക് പിണറായിയുടെ കത്ത്

Published : Apr 13, 2020, 06:38 PM ISTUpdated : Apr 13, 2020, 11:32 PM IST
'പ്രവാസികൾ വന്നാൽ എല്ലാം സർക്കാർ ചെയ്യാം, എത്തിച്ചാൽ മതി', മോദിക്ക് പിണറായിയുടെ കത്ത്

Synopsis

ഹ്രസ്വകാല പരിപാടികൾക്കോ, സന്ദർശകവിസയിലോ പോയവരുണ്ട്. അവർക്ക് തിരികെ വരാനെങ്കിലും അടിയന്തരമായി വിമാനങ്ങൾ എത്തിച്ച് നൽകണം. വരുമാനമില്ലാത്തതിനാൽ ഇവരുടെ ജീവിതവും അസാധ്യമാകുകയാണ് - പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി മുഖ്യമന്ത്രി.

തിരുവനന്തപുരം: പ്രവാസികളെ തിരികെ കൊണ്ടുവന്നാൽ അവർക്ക് വേണ്ട ടെസ്റ്റിംഗും, ക്വാറന്‍റൈനും ഉൾപ്പടെ എല്ലാ പരിശോധനകളും കേന്ദ്രനിർദേശപ്രകാരം നടത്താൻ സംസ്ഥാനസർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹ്രസ്വകാലപരിപാടികൾക്കോ, സന്ദർശകവിസയിലോ പോയവരുണ്ട്. അവരെയെങ്കിലും അടിയന്തരമായി പ്രത്യേക വിമാനങ്ങൾ അയച്ച് തിരികെ എത്തിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് വീണ്ടുമയച്ച കത്തിൽ ചൂണ്ടിക്കാട്ടി. കൊവിഡ് 19 മൂലം ജോലി നഷ്ടപ്പെട്ട് തിരികെ വരുന്നവരെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതികൾക്ക് സംസ്ഥാനത്തിന് കേന്ദ്രം പ്രത്യേകസഹായം നൽകണമെന്നും, പ്രത്യേക പദ്ധതികൾ കേന്ദ്രസർക്കാർ മുൻകൈയെടുത്ത് നടപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകുന്നത്. ''കേരളത്തെ ഇന്ന് ഏറ്റവും കൂടുതൽ അലട്ടുന്നത് പ്രവാസികളുടെ പ്രശ്നമാണ്. അവരെ എത്രയും വേഗം കേരളത്തിലെത്തിക്കണം എന്ന് തന്നെയാണ് നമുക്കും അവർക്കും അവരുടെ കുടുംബങ്ങൾക്കും ആഗ്രഹം. ചെറിയ കാലയളവിലേക്ക് വേണ്ടിയോ, സന്ദർശകവിസയിലോ പോയവർ അവിടെ കുടുങ്ങിപ്പോയിട്ടുണ്ട്. വരുമാനമില്ലാത്തതിനാൽ അവർക്ക് ജീവിതം അസാധ്യമാകുകയാണ്. ഇവരെയും അടിയന്തര ആവശ്യങ്ങളുള്ളവരെയും മാത്രമെങ്കിലും അടിയന്തരമായി നാട്ടിലെത്തിക്കാൻ പ്രത്യേകവിമാനം അയക്കണം. അന്താരാഷ്ട്ര ആരോഗ്യനിബന്ധനകളെല്ലാം പാലിച്ചാകണം ഇവരെ തിരികെ എത്തിക്കേണ്ടത്'', മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

''എത്ര പേർ തിരികെ വരുമെന്ന് ഇപ്പോൾ വിലയിരുത്തലില്ല. താത്കാലിക വിസയിൽ പോയവർ തിരികെ വരാൻ ആഗ്രഹിക്കുന്നുണ്ട്. ജോലിക്ക് പോയി അത് കിട്ടാതായവർ നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നു. ഗർഭിണികൾ ഇങ്ങോട്ട് വരാൻ ആഗ്രഹിക്കുന്നു. അവർക്ക് വരാൻ സൗകര്യം ഏർപ്പെടുത്തിയാൽ, അവർക്ക് വേണ്ട ക്വാറന്‍റൈൻ, ടെസ്റ്റിംഗ്, ചികിത്സ, അടക്കം നിലവിൽ നമുക്ക് ചെയ്ത് കൊടുക്കാനാകും'', എന്ന് മുഖ്യമന്ത്രി.

വലിയ പ്രയാസകരമായ സാഹചര്യമാണ് പ്രവാസികളുടേത്. ഈ ഘട്ടത്തിൽ കേന്ദ്രം നടത്തേണ്ട അനിവാര്യമായ ഇടപെടലാണിത് - മുഖ്യമന്ത്രി പറഞ്ഞു.

''യുഎഇയിലുള്ളവർ പലപ്പോഴും നമ്മൾ മലയാളികളോട് വളരെ നല്ല സമീപനമാണ് സ്വീകരിക്കാറ്. അവർ കഴിയാവുന്ന ഇടപെടലുകൾ നടത്താറുണ്ട്. എംബസിയും അവിടെ ചില ഇടപെടലുകൾ നടത്തുന്നുണ്ട്. ഇടപെടണം എന്ന് കേന്ദ്രത്തിനോട് നമ്മൾ ആവശ്യപ്പെട്ടിട്ടുമുണ്ട്'', എന്ന് മുഖ്യമന്ത്രി. 

പ്രവാസികളെ മടങ്ങിയെത്തുമ്പോൾ എവിടെ പാർപ്പിക്കുമെന്ന് പറഞ്ഞ സുപ്രീംകോടതി ഇന്ന് ഇക്കാര്യത്തിലെടുത്ത നിലപാട് ശ്രദ്ധിച്ചതായി പറഞ്ഞ മുഖ്യമന്ത്രി, പ്രവാസികൾ മടങ്ങിയെത്തുമ്പോൾ വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ആവർത്തിച്ചു. ''കൊവിഡ് 19 സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ട് തിരികെ വരുന്നവരെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതികൾ കേന്ദ്രം തയ്യാറാക്കണം'', മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ദുബായിൽ നിന്ന് ഞങ്ങളുടെ പ്രതിനിധി അരുൺ രാഘവന്‍റെ റിപ്പോർട്ട്:

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ