ഒമാനിലെ ഇന്ത്യൻ സ്കൂൾ മസ്കറ്റിൽ പ്രഖ്യാപിച്ച ഫീസ് വർധനവിനും വിദ്യാർത്ഥികളുടെ 'സേഫ് ട്രാൻസ്പോർട്ട്' സംവിധാനം പിൻവലിക്കാനുള്ള തീരുമാനത്തിനുമെതിരെ രക്ഷിതാക്കളുടെ ശക്തമായ പ്രതിഷേധം. 

മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സമൂഹത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യൻ സ്കൂൾ മസ്കറ്റിൽ പ്രഖ്യാപിച്ച ഫീസ് വർധനയും വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രാ സംവിധാനം പിൻവലിക്കാനുള്ള തീരുമാനവും വലിയ വിവാദത്തിന് ഇടയാക്കി. വിഷയത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി രക്ഷിതാക്കളുടെ പ്രതിനിധി സംഘം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിക്ക് (എസ്.എം.സി) നിവേദനം നൽകി.

അടുത്ത അക്കാദമിക് വർഷം മുതൽ സ്കൂൾ ഫീസിൽ വർധനവ് വരുത്തുമെന്ന പ്രഖ്യാപനമാണ് അടുത്തിടെ പുറത്തുവന്നത്. സാമ്പത്തിക അനിശ്ചിതത്വവും ജീവിതച്ചെലവിലെ വർധനവും നേരിടുന്ന പ്രവാസി കുടുംബങ്ങൾക്ക് ഇത് അധിക ഭാരമാകുമെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഗൾഫ് മേഖലയിലെ സാമ്പത്തിക സാഹചര്യം ഇപ്പോഴും സ്ഥിരത കൈവരിക്കാത്ത പശ്ചാത്തലത്തിൽ ഫീസ് വർധനവ് പുനഃപരിശോധിക്കണമെന്നും തീരുമാനം പിൻവലിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഇതിനൊപ്പം വർഷങ്ങളായി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്കൂളിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്ന ‘സേഫ് ട്രാൻസ്പോർട്ട് സിസ്റ്റം’ പിൻവലിക്കുമെന്ന പ്രഖ്യാപനവും രക്ഷിതാക്കളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. 2017 മുതൽ സ്കൂൾ മോണിറ്റേർഡ് സംവിധാനമായി നടപ്പിലാക്കിയ ഈ പദ്ധതി വിദ്യാർത്ഥികളുടെ യാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നുവെന്നാണ് രക്ഷിതാക്കളുടെ വിലയിരുത്തൽ.

സ്കൂൾ ബസുകളുമായി ബന്ധപ്പെട്ട് ഒമാനിൽ ഉണ്ടായ ചില ദാരുണ സംഭവങ്ങൾക്കു ശേഷം വ്യാപകമായ പഠനങ്ങളും ചർച്ചകളും നടത്തിയ ശേഷമാണ് ഈ സംവിധാനം നടപ്പിലാക്കിയത്. അന്നത്തെ ഡയറക്ടർ ബോർഡ് ചെയർമാൻ വിൽസൺ ജോർജിന്റെ നേതൃത്വത്തിൽ വ്യക്തമായ നയരേഖയോടെയാണ് പദ്ധതി ആരംഭിച്ചത്. അതിന്റെ ഭാഗമായി ട്രാൻസ്പോർട്ടേഷൻ മേഖലയിലെ പല പരാധീനതകളും പരിഹരിക്കാൻ കഴിഞ്ഞതായും രക്ഷിതാക്കൾ പറയുന്നു. ഇത്തരം വിജയകരമായ സംവിധാനമാണ് ഇപ്പോൾ പിൻവലിക്കപ്പെടുന്നതെന്ന് അവർ ആരോപിക്കുന്നു. സ്കൂൾ മേൽനോട്ടം ഒഴിവാകുന്നതോടെ സ്വകാര്യ വാഹനങ്ങളിലൂടെ വിദ്യാർത്ഥികളെ എത്തിക്കാൻ രക്ഷിതാക്കൾക്ക് കൂടുതൽ ചെലവ് വഹിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

സേഫ് ട്രാൻസ്പോർട്ട് സംവിധാനത്തിന്റെ ഉത്തരവാദിത്തം അധിക ബാധ്യതയാണെന്ന നിലപാടാണ് മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. എന്നാൽ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയിലെ താല്പര്യമുള്ള അംഗങ്ങളെയും സ്കൂൾ സംവിധാനത്തിനുള്ളിൽ പ്രവർത്തിക്കുന്നവരെയും ഉൾപ്പെടുത്തി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചാൽ പദ്ധതി ഫലപ്രദമായി തുടരാൻ കഴിയുമെന്ന് രക്ഷിതാക്കൾ നിർദ്ദേശിക്കുന്നു.

അതേസമയം, 2017-ൽ രൂപീകരിച്ച സേഫ് ട്രാൻസ്പോർട്ടേഷൻ, ഫിനാൻസ്, അക്കാദമിക് തുടങ്ങിയ വിവിധ നയരേഖകളും അനുബന്ധ ടാസ്‌ക് ഫോഴ്‌സുകളും നിലവിൽ സജീവമല്ലെന്നും അവർ ചൂണ്ടിക്കാട്ടി. പുതിയ തീരുമാനങ്ങൾക്കെതിരെ രക്ഷിതാക്കൾക്കിടയിൽ ശക്തമായ എതിർപ്പാണ് ഉയരുന്നത്. അടുത്തിടെ സ്കൂൾ മധ്യവേനൽ അവധി വെട്ടിച്ചുരുക്കാനുള്ള തീരുമാനത്തിനെതിരെയും വലിയ പ്രതിഷേധം ഉയർന്നിരുന്നു. വിഷയത്തിൽ ഇന്ത്യൻ അംബാസഡർക്കുൾപ്പെടെ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു.

രക്ഷിതാക്കളുമായി ആലോചന നടത്താതെയും നിർദേശങ്ങൾ സ്വീകരിക്കാതെയും സ്കൂൾ മാനേജ്മെന്റ് ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തുവരുന്നുവെന്നാണ് ആരോപണം. അതേസമയം നിവേദനത്തിൽ ഉന്നയിച്ച വിഷയങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയതായി രക്ഷിതാക്കളുടെ പ്രതിനിധി സംഘം അറിയിച്ചു. ദിനേശ് ബാബു, ബിനു കേശവൻ, സുനിത്ത്, സുബിൻ, കെ.വി. വിജയൻ, റിയാസ്, ജാൻസ്, അഭിലാഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് രക്ഷിതാക്കളുടെ നിവേദനം സ്കൂൾ മാനേജ്മെന്റിന് സമർപ്പിച്ചത്.