കൊവിഡ് വകഭേദം; ഖത്തറില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ വര്‍ധന

By Web TeamFirst Published Mar 11, 2021, 9:52 AM IST
Highlights

പുറത്ത് നിന്ന് വരുന്നവര്‍ക്കായി രാജ്യം കര്‍ശനമായി പാലിച്ചുവരുന്ന ക്വാറന്റീന്‍ നിബന്ധനകള്‍ വൈറസിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്നത് തടഞ്ഞിരുന്നു. എന്നാല്‍ വൈറസിന്റെ ബ്രിട്ടന്‍  വകഭേദം ഖത്തറിലും കണ്ടെത്തിയിട്ടുണ്ട്.

ദോഹ: ഖത്തറില്‍ കൊവിഡ് വൈറസിന്റെ ബ്രിട്ടന്‍ വകഭേദം ഉയരുന്നു. വൈറസിന്റെ ബ്രിട്ടന്‍ വകഭേദം ബാധിക്കുന്ന രോഗികള്‍ രാജ്യത്ത് കൂടി വരികയാണ്. കൊവിഡ് 19 ദേശീയപദ്ധതിയുടെ മേധാവിയും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ സാംക്രമിക രോഗവിഭാഗം തലവനുമായ ഡോ. അബ്ദുല്‍ലത്തീഫ് അല്‍ഖാല്‍ ഇന്നലെ നടന്ന പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. 

പുറത്ത് നിന്ന് വരുന്നവര്‍ക്കായി രാജ്യം കര്‍ശനമായി പാലിച്ചുവരുന്ന ക്വാറന്റീന്‍ നിബന്ധനകള്‍ വൈറസിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്നത് തടഞ്ഞിരുന്നു. എന്നാല്‍ വൈറസിന്റെ ബ്രിട്ടന്‍  വകഭേദം ഖത്തറിലും കണ്ടെത്തിയിട്ടുണ്ട്. ഈ വകഭേദം വളരെ വേഗത്തില്‍ പടരുന്നതാണ്. ഫൈസര്‍ വാക്‌സിനും മൊഡേണ വാക്‌സിനും രാജ്യത്ത് നിലവില്‍ രോഗത്തിനെതിരായ പോരാട്ടത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. 380,000 ഡോസ് വാക്‌സിന്‍ ഇതുവരെ നല്‍കിയിട്ടുണ്ട്. ഒരു ദിവസം 15,000ത്തിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നുണ്ട്. എല്ലാ സ്‌കൂളുകളും പ്രതിരോധ നടപടികള്‍ പാലിക്കുന്നുണ്ടെന്നും 45 ശതമാനം സ്‌കൂള്‍ അധ്യാപകരും ജീവനക്കാരും വാക്‌സിന്‍ സ്വീകരിച്ചതായും ഡോ. അബ്ദുല്‍ലത്തീഫ് അല്‍ഖാല്‍ പറഞ്ഞു. എല്ലാവരും കൊവിഡ് പ്രതിരോധ നടപടികള്‍ പാലിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

click me!