കൊവിഡ് ബാധിച്ച് വിദേശത്ത് കുട്ടിയും വൈദികനും അടക്കം 5 മലയാളികൾ കൂടി മരിച്ചു

By Web TeamFirst Published May 3, 2020, 1:56 PM IST
Highlights

കൊട്ടാരക്കര സ്വദേശി ഫാദർ എം ജോണാണ് അമേരിക്കയിലെ ഫിലാഡൽഫിയയിൽ മരിച്ചത്. കോട്ടയം പാമ്പാടി സ്വദേശി അദ്വൈത് (8) ന്യൂയോർക്കിലാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ദുബായ്/ ന്യൂയോർക്ക്: വിദേശത്ത് കൊവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികൾ മരിച്ചു. വൈദികനും എട്ടുവയസുകാരനും അടക്കം മൂന്ന് പേരാണ് അമേരിക്കയിൽ മരിച്ചത്. രണ്ട് പേർ യുഎഇയിലും മരിച്ചു.

കൊട്ടാരക്കര സ്വദേശി ഫാദർ എം ജോണാണ് അമേരിക്കയിലെ ഫിലാഡൽഫിയയിൽ മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശി ഗീവർഗീസ് പണിക്കരും (64) ഫിലാഡൽഫിയയിലാണ് മരിച്ചത്. കോട്ടയം സൗത്ത് പാമ്പാടി സ്വദേശി അദ്വൈത് ന്യൂയോർക്കിലാണ് കൊവിഡ് ബാധിച്ച് മരിച്ചത്. എട്ട് വയസ്സായിരുന്നു. ന്യൂയോർക്കിൽ നഴ്സുമാരായി ജോലി ചെയ്തിരുന്ന ദീപയുടെയും സുനീഷ് സുകുമാരന്‍റെയും മകനാണ് അദ്വൈത്. 

ദീപയ്ക്കും സുനീഷിനും ജോലി ചെയ്യുന്നതിനിടെ കൊവിഡ് ബാധിച്ചിരുന്നെങ്കിലും പിന്നീട് ചികിത്സിച്ച് ഭേദമായിരുന്നു. ഇവരിൽ നിന്നാകാം കുട്ടിയ്ക്കും രോഗം പകർന്നതെന്നാണ് സൂചന. കുട്ടിയുടെ രോഗം ഗുരുതരമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എട്ട് വയസ്സുകാരനായ അദ്വൈത് രണ്ടാം ക്ലാസിലാണ് പഠിച്ചിരുന്നത്. ഒരു സഹോദരനുണ്ട്. അർജുൻ.

യുഎഇയിലെ റാസൽഖൈമയിൽ ചാവക്കാട് എടക്കഴിയൂര്‍ നാലാംകല്ല് സ്വദേശി മുഹമ്മദ് ഹനീഫ (63) യും അബുദാബിയിൽ പത്തനംതിട്ട നെല്ലിക്കാല സ്വദേശി റോഷൻ കുട്ടി (48) യും മരിച്ചു. കഴിഞ്ഞ പതിനൊന്ന് ദിവസമായി അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു റോഷൻ കുട്ടി. ഇന്ന് രാവിലെയാണ് മരണവാര്‍ത്ത വീട്ടില്‍ അറിയിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 39 ആയി

click me!