മകനെ സന്ദര്‍ശിക്കാന്‍ ദുബായിലെത്തി ഗുരുതര രോഗം ബാധിച്ച ഇന്ത്യക്കാരന്‍ മരിച്ചു

Published : Apr 03, 2019, 12:50 PM IST
മകനെ സന്ദര്‍ശിക്കാന്‍ ദുബായിലെത്തി ഗുരുതര രോഗം ബാധിച്ച ഇന്ത്യക്കാരന്‍ മരിച്ചു

Synopsis

പഞ്ചാബ് സ്വദേശി അനുഭവ് ഖന്നയാണ് മാര്‍ച്ച് 15ന് അച്ഛനേയും അമ്മയേയും ദുബായിലേക്ക് കൊണ്ടുവന്നത്. പിറ്റേദിവസം തന്നെ അച്ഛന്‍ സുരേന്ദ്രനാഥ് ഖന്ന ഗുരുതരമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലാവുകയായിരുന്നു. 

ദുബായ്: മകനെ സന്ദര്‍ശിക്കാന്‍ ദുബായിലെത്തിയതിന് പിന്നാലെ ഗുരുതര രോഗം ബാധിച്ച് ആശുപത്രിയിലായ ഇന്ത്യക്കാരന്‍ മരിച്ചു. ശ്വാസ കോശത്തിലെ അണുബാധ മറ്റ് അവയവങ്ങളിലേക്ക് കൂടി ബാധിച്ചതോടെയാണ് പഞ്ചാബ് സ്വദേശി സുരേന്ദ്രനാഥ് ഖന്നയെ (66) ദുബായ് എന്‍ എം സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മെഡിക്കല്‍ ഇന്‍ഷുറന്‍സില്ലാതെ ചികിത്സാ ചിലവ് താങ്ങാനാവാതെ വന്നപ്പോള്‍ എംബസിയുടെയും മറ്റ് സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ എയര്‍ ആംബുലന്‍സ് എത്തിച്ച് അദ്ദേഹത്തെ ദില്ലിയിലേക്ക് കൊണ്ടുവന്നിരുന്നു. ദില്ലിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

പഞ്ചാബ് സ്വദേശി അനുഭവ് ഖന്നയാണ് മാര്‍ച്ച് 15ന് അച്ഛനേയും അമ്മയേയും ദുബായിലേക്ക് കൊണ്ടുവന്നത്. പിറ്റേദിവസം തന്നെ അച്ഛന്‍ സുരേന്ദ്രനാഥ് ഖന്ന ഗുരുതരമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലാവുകയായിരുന്നു. ശ്വാസകോശത്തെ ബാധിച്ച അണുബാധ  മറ്റ് അവയവങ്ങളിലേക്ക് കൂടി വ്യാപിച്ചുണ്ടായ ഗുരുതരാവസ്ഥയിലാണ് 66കാരനായ സുരേന്ദ്രനാഥിനെ ദുബായ് എന്‍എംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദുബായിലേക്ക് വരുമ്പോള്‍ കാര്യമായ ശാരീരിക അവശതകളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. നേരത്തെ നാട്ടില്‍ വെച്ച് ശ്വാസതടസമുണ്ടായപ്പോള്‍ ഡോക്ടറെ കാണിച്ചിരുന്നെങ്കിലും വിദഗ്ധ പരിശോധനകള്‍ നടത്തിയില്ല. ദുബായിലെത്തിയതിന്റെ പിറ്റേദിവസം ശ്വാസതടസം ഗുരുതരമായതോടെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. അണുബാധ ഗുരുതരമായതിനാല്‍ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

ആന്റിബയോട്ടിക്കുകള്‍ നല്‍കി ചികിത്സ തുടങ്ങിയെങ്കിലും കാലുകളിലേക്കും കൈകളിലേക്കും അണുബാധ പടര്‍ന്നു. തുടര്‍ന്ന് ഇടത്തേ കൈ മുറിച്ചുമാറ്റി.  ദിവസവും 20,000 ദിര്‍ഹത്തോളമാണ് ആശുപത്രിയില്‍ ബില്ലായിരുന്നത്. ഒരു ലക്ഷത്തിലധികം ദിര്‍ഹം ആശുപത്രിയില്‍ കുടിശികയായതോടെ മക്കള്‍ക്കും കുടുംബത്തിനും താങ്ങാന്‍ കഴിയുന്നതിലപ്പുറമായി. ഇതിനിടെ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും 42,000 ദിര്‍ഹം കടം വാങ്ങി ഇന്ത്യയില്‍ നിന്ന് എയര്‍ ആംബുലന്‍സ് എത്തിച്ചു. നാട്ടിലേക്ക് കൊണ്ടുവന്ന് ചികിത്സ തുടരാനായിരുന്നു പദ്ധതി.  എന്നാല്‍ ആശുപത്രി ഐസിയുവില്‍ നല്‍കുന്ന ഓക്സിജന്‍ സംവിധാനവും എയര്‍ആംബുലന്‍സിലെ പോര്‍ട്ടബിള്‍ വെന്റിലേറ്ററും പരസ്പരം ചേരാത്തതായിരുന്നതിനാല്‍ അത് മുടങ്ങി. 

കുടുംബത്തിന്റെ ദുരിതം വാര്‍ത്തയായതോടെ നിരവധിപ്പേര്‍ സഹായിക്കാനെത്തി. യുഎഇയിലെ ബിസിനസുകാരടക്കമുള്ളവരുടെയും കോണ്‍സുലേറ്റിന്റെയും സഹായത്തോടെ കൂടുതല്‍ സൗകര്യങ്ങളുള്ള എയര്‍ ആംബുലന്‍സ് വരുത്തി ദിവസങ്ങള്‍ക്ക് മുന്‍പാണ്  സുരേന്ദ്രനാഥിനെ ദില്ലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ ദുബായ് എന്‍എംസി ആശുപത്രി അധികൃതര്‍ ബില്ലില്‍ കാര്യമായ ഇളവ് നല്‍കിയിരുന്നു. ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി അധികൃതര്‍ പിന്നീട് പണം ഈടാക്കിയില്ല. ദില്ലിയിലെ ചികിത്സയില്‍ സുരേന്ദ്രനാഥിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു. 


ഗള്‍ഫിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ ആവശ്യമായ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് നേരത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചിരുന്നു. ഇത്തരത്തില്‍ നിരവധിപ്പേര്‍ ദുരിതത്തിലായ സംഭവങ്ങള്‍ അടിക്കടിയുണ്ടായ പശ്ചാത്തലത്തിലായിരുന്നു അറിയിപ്പ്. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതിന് മുന്‍പ് ആയിരം രൂപയോളം ചിലവാക്കിയാല്‍ ഇന്‍ഷുറന്‍സ് എടുക്കാമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ