കൊറോണകാലത്ത് ക്രൂഡോയിൽ വില കുത്തനെ ഇടിയുന്നു; യോഗം വിളിച്ച് എണ്ണ ഉത്പാദന രാജ്യങ്ങള്‍

By Web TeamFirst Published Feb 29, 2020, 9:40 AM IST
Highlights
  • ഉത്പാദനം കുറക്കുന്നത് ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസം എണ്ണ ഉത്പാദക രാജ്യങ്ങള്‍ യോഗം ചേരുന്നുണ്ട്
  • ആഗോള വിപണിയില്‍ അമേരിക്കൻ ക്രൂഡിന്‍റെ വില 14 ശതമാനമാണ് കഴിഞ്ഞ മാസം ഇടിഞ്ഞത്

റിയാദ്: കൊറോണ വൈറസ് വ്യാപനം ലോകതലത്തിൽ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധികൾ ഗുരുതരമാകുന്നു. ക്രൂഡോയിൽ വില ആഗോളവിപണിയില്‍ കുത്തനെ കുറയുന്നു. സൗദി അറേബ്യയുടെ ചൈനയിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ അടുത്ത മാസം അഞ്ച് ലക്ഷം ബാരലിന്‍റെ കുറവ് വരും. കൊറോണ വൈറസ് പടരുന്നതിനാല്‍ ക്രൂഡ് ഓയിൽ ആവശ്യം കുറഞ്ഞതാണ് കാരണം.

ഉത്പാദനം കുറക്കുന്നത് ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസം എണ്ണ ഉത്പാദക രാജ്യങ്ങള്‍ യോഗം ചേരുന്നുണ്ട്. ആഗോള വിപണിയില്‍ അമേരിക്കൻ ക്രൂഡിന്‍റെ വില 14 ശതമാനമാണ് കഴിഞ്ഞ മാസം ഇടിഞ്ഞത്. 2011 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും വലിയ കുറവ്. ലോകത്ത് ഏറ്റവും കൂടുതല്‍ കയറ്റുമതി നടക്കുന്ന ബ്രൻറ് ക്രൂഡ് വില 50 ഡോളറിലേക്ക് എത്തുകയാണ്. 14 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

സൗദി അറേബ്യയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് കയറ്റുമതി ചെയ്യുന്ന രാജ്യം. ഏഷ്യയാണ് സൗദിയുടെ പ്രധാന വിപണി. ഇതില്‍ ചൈനയിലേക്ക് മാത്രം പ്രതിദിനം 1,8- 20 ലക്ഷം ബാരല്‍ വരെയാണ് സൗദി അറേബ്യയുടെ കയറ്റുമതി. ഇതില്‍ അടുത്ത മാസം മുതല്‍ അഞ്ച് ലക്ഷം ബാരല്‍  പ്രതിദിനം കുറയുമെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

മാര്‍ച്ച് അഞ്ച്, ആറ് തീയതികളില്‍ എണ്ണ ഉദ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയും പുറമെ നിന്ന് കൂട്ടായ്മയെ പിന്തുണക്കുന്നവരും യോഗം ചേരുന്നുണ്ട്. വില ഇടിയാതിരിക്കാന്‍ 1.7 ദശലക്ഷം ബാരലാണ് ഒപെക് രാജ്യങ്ങള്‍ ഉദ്പാദിപ്പിക്കുന്നത്. റഷ്യയുള്‍പ്പെടെയുള്ളവര്‍ ഇതിനെ നിലവില്‍ പിന്തുണക്കുന്നു. വിലയിടിയുന്ന സാഹചര്യത്തില്‍ മാര്‍ച്ചില്‍ ചേരുന്ന യോഗത്തിലും ഉത്പാദന നിയന്ത്രണം തുടരാനാകും ഒപെക് നീക്കം. ഇതിന് റഷ്യയുടെ പിന്തുണ ഉണ്ടാകുമോ എന്നത് നിര്‍ണായകമാണ്.

click me!