ക്രൂസ് കണ്‍ട്രോള്‍ തകരാറിലായി കുതിച്ചുപാഞ്ഞ കാറില്‍ നിന്ന് സാഹസികമായി ഡ്രൈവറെ രക്ഷിച്ചു

By Web TeamFirst Published May 25, 2019, 2:05 PM IST
Highlights

വാഹനത്തിന്റെ ബ്രേക്കുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് മനസിലാക്കിയ ഡ്രൈവര്‍ എന്ത് ചെയ്യണമെന്നറിയാതെ അബുദാബി പൊലീസിനെ വിളിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ഡ്രൈവറെ സമാധാനിപ്പിക്കുകയും അപകടങ്ങള്‍ ഒഴിവാക്കാനുള്ള കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയുമായിരുന്നു. 

അബുദാബി: വേഗത നിയന്ത്രണ സംവിധാനമായ ക്രൂസ് കണ്‍ട്രോള്‍ തകരാറിലായ വാഹനത്തില്‍ നിന്ന് സാഹസികമായി ഡ്രൈവറെ രക്ഷിച്ചു. അബുദാബി, ദുബായ് പൊലീസ് സംഘങ്ങള്‍ ചേര്‍ന്നാണ് 130 കിലോമീറ്റര്‍ വേഗതയില്‍ പോവുകയായിരുന്ന കാറില്‍ നിന്ന് ഒരു പോറല്‍ പോലുമേല്‍ക്കാതെ ഡ്രൈവറെ രക്ഷിച്ചത്. അബുദാബിയില്‍ നിന്ന് ദുബായിലേക്കുള്ള വഴിയില്‍ ശൈഖ് മക്തൂം സ്ട്രീറ്റില്‍ അല്‍ റഹ്ബയില്‍ വെച്ചായിരുന്നു സംഭവം.

വാഹനത്തിന്റെ ബ്രേക്കുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് മനസിലാക്കിയ ഡ്രൈവര്‍ എന്ത് ചെയ്യണമെന്നറിയാതെ അബുദാബി പൊലീസിനെ വിളിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ഡ്രൈവറെ സമാധാനിപ്പിക്കുകയും അപകടങ്ങള്‍ ഒഴിവാക്കാനുള്ള കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയുമായിരുന്നു. വിവരം ലഭിച്ച ഉടന്‍ തന്നെ കാര്‍ കണ്ടെത്തുകയും റോഡിലുള്ള മറ്റ് വാഹനങ്ങള്‍ മാറ്റി സുരക്ഷിതമായ വഴിയൊരുക്കുകയും ചെയ്തു. ദുബായ് പൊലീസിനും വിവരം കൈമാറി. സീറ്റ് ബെല്‍റ്റ് ധരിക്കാനും ഹസാര്‍ഡ് ലൈറ്റ് ഓണ്‍ ചെയ്യാനും പൊലീസ് ഉദ്യോഗസ്ഥര്‍ ഫോണിലൂടെ ഡ്രൈവറെ അറിയിച്ചു.

കാര്‍ വേഗത കുറച്ച് നിര്‍ത്താനുള്ള പല വഴികളും പരീക്ഷിച്ച് നോക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതോടെ പൊലീസ് വാഹനം ഓവര്‍ടേക്ക് ചെയ്ത് മുന്നില്‍ കയറിയ ശേഷം വേഗത കുറച്ച് കാറില്‍ ഇടിപ്പിച്ചു. തുടര്‍ന്ന് പൊലീസ് വാഹനത്തിന്റെ സ്‍പീഡ് കുറച്ച് കാര്‍ നിര്‍ത്തുകയായിരുന്നു. ഡ്രൈവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കി. വാഹനങ്ങള്‍ക്ക് തകരാറുകളുണ്ടോയെന്ന് ജനങ്ങള്‍ സ്ഥിരമായി പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചു.

click me!