ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത് നിന്നും 590 കിലോമീറ്റര്‍ അകലെ

By Web TeamFirst Published Oct 1, 2021, 3:08 PM IST
Highlights

ഒരു ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നത് അപൂര്‍വ പ്രതിഭാസമാണ്. ഇന്നലെ (വ്യാഴാഴ്ച സെപ്റ്റംബര്‍ 30) വൈകുന്നേരത്തോടെ കൂടിയാണ് ഷഹീന്‍  ന്യൂനമര്‍ദ്ദം വടക്കുകിഴക്കന്‍ അറബിക്കടലില്‍  രൂപപ്പെട്ടിരിക്കുന്നത്.

മസ്‌കറ്റ്: ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത് നിന്നും 590 കിലോമീറ്റര്‍ അകലയെന്ന് ഒമാനി മെട്രോളജിക്കല്‍ അതോറിറ്റി. ബംഗാള്‍  ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് പിന്നീട് ദുര്‍ബലമായി അറബിക്കടലില്‍ പ്രവേശിച്ച് മറ്റൊരു ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടതാണ്  'ഷഹീന്‍' ചുഴലിക്കാറ്റ്.

ഒരു ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നത് അപൂര്‍വ പ്രതിഭാസമാണ്. ഇന്നലെ (വ്യാഴാഴ്ച സെപ്റ്റംബര്‍ 30) വൈകുന്നേരത്തോടെ കൂടിയാണ് ഷഹീന്‍  ന്യൂനമര്‍ദ്ദം വടക്കുകിഴക്കന്‍ അറബിക്കടലില്‍  രൂപപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ വടക്കുകിഴക്കന്‍ അറബിക്കടലില്‍  ന്യൂനമര്‍ദ്ദം കൂടുതല്‍ തീവ്രമാകാനുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. ഷഹീന്‍ ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം ഒമാന്റെ റാസ് അല്‍ ഹദ്ദ് തീരത്ത്  നിന്നും   590 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ നിലകൊള്ളുന്നതെന്നും ഒമാനി മെട്രോളജിക്കല്‍ അതോറിറ്റി. വ്യക്തമാക്കിയിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ പ്രഭവ സ്ഥാനത്തിന്  34  മുതല്‍ 63 വരെ വേഗതയാണെന്നും ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍   രൂപപ്പെടുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്ന അംഗരാജ്യങ്ങളിലൊന്നായ ഖത്തറാണ് ഇപ്പോള്‍ അറബിക്കടലില്‍ രൂപപ്പെട്ടിരിക്കുന്നു ചുഴലിക്കാറ്റിന്  'ഷഹീന്‍' എന്ന പേര് നല്‍കിയിരിക്കുന്നത്. 'ഷഹീന്‍' എന്ന വാക്കിന്റെ അര്‍ത്ഥം 'റോയല്‍ വൈറ്റ് ഫാല്‍ക്കണ്‍' അല്ലെങ്കില്‍ ഹോക്ക് (ഗരുഡ) എന്നാണ്. മിഡില്‍ ഈസ്റ്റില്‍ 'ഷഹീന്‍' എന്ന പേര് വ്യാപകമാണ്. ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്‍മര്‍, പാകിസ്ഥാന്‍, മാലിദ്വീപ്, ഒമാന്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്, ഇറാന്‍, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യെമന്‍ എന്നീ 13 രാജ്യങ്ങളാണ് ഈ മേഖലയിലെ ചുഴലിക്കാറ്റുകള്‍ക്ക് പേരുകള്‍ നിര്‍ണയിക്കുന്നത്.

click me!