ഷഹീന്‍ ചുഴലിക്കാറ്റ് ഒമാനില്‍ ശക്തി പ്രാപിക്കുന്നു

By Web TeamFirst Published Oct 2, 2021, 10:58 AM IST
Highlights

ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത് നിന്നും 500 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ നിലകൊള്ളുന്നതെന്ന് ഒമാനി മെട്രോളജിക്കല്‍ അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.

മസ്‌കറ്റ്: വടക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റിന്റെ പ്രഭവസ്ഥാനത്തിന്റെ വേഗത 64 മുതല്‍ 82 ക്നോട് ആയി ഉയര്‍ന്നെന്നും ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.

ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത് നിന്നും 500 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ നിലകൊള്ളുന്നതെന്ന് ഒമാനി മെട്രോളജിക്കല്‍ അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. ഷഹീന്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ ഒമാന്‍ ദേശീയ ദുരന്തനിവാരണ സമിതി എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു. മസ്‌കത്ത് മുതല്‍ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകള്‍ വരെയുള്ള തീരപ്രദേശങ്ങളിലേക്ക് ഷഹീന്‍ ചുഴലിക്കാറ്റ്  നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാളെ ഞായറാഴ്ച രാവിലെ മുതല്‍ ശക്തമായ കാറ്റ് ഉള്‍പ്പെടെ മസ്‌കറ്റ് മുതല്‍ വടക്കന്‍ ബാത്തിന വരെയുള്ള തീരപ്രദേശങ്ങളെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കുമെന്നാണ്  സിവില്‍ ഏവിയേഷന്‍ സമിതിയുടെ അറിയിപ്പില്‍ പറയുന്നത്. വടക്കന്‍ ബാത്തിന , തെക്കന്‍ ബാത്തിന, മസ്‌കറ്റ്, അല്‍ ദാഹിറ, അല്‍  ബുറൈമി, അല്‍ ദാഖിലിയ  എന്നീ ഗവര്‍ണറേറ്റുകളില്‍ 200 മുതല്‍ 600 മില്ലിമീറ്റര്‍ വരെയുള്ള കനത്ത മഴ പെയ്യുവാന്‍ സാധ്യതയുണ്ട് . ഇത് വള്ളപ്പാച്ചിന്  വെള്ളപാച്ചിലിനു കാരണമാകുമെന്നും സിവില്‍ സമിതിയുടെ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. തെക്കന്‍  അല്‍-ശര്‍ഖിയ മുതല്‍ മുസന്ദം ഗവര്‍ണറേറ്റ് വരെയുള്ള തീരപ്രദേശങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കും .  തിരമാലകള്‍ പരമാവധി  8 മുതല്‍ 12 മീറ്റര്‍ ഉയരുമെന്നും പ്രസ്താവനയില്‍ പറയുന്നു. 

കൂടാതെ കടല്‍ക്ഷോഭം മൂലം താഴ്ന്ന തീരപ്രദേശങ്ങളില്‍ കടല്‍ വെള്ളം കയറാന്‍ ഇടയാക്കും. പരമാവധി ജാഗ്രത പാലിക്കാനും വാദികള്‍ കടന്നുള്ള അപകടസാധ്യത ഒഴിവാക്കാനും കടലില്‍ പോകരുതെന്നും  സിവില്‍ ഏവിയേഷന്‍ അതോറിറ്റി പൊതു ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

മത്സ്യ ബന്ധന തൊഴിലാളികളോടും , കന്നുകാലി , തേനീച്ച വളര്‍ത്തല്‍ എന്ന കൃഷിയില്‍ ഏര്‍പെട്ടവരോടും ആവശ്യമായ മുന്‍കരുതലുകള്‍  എടുക്കുവാന്‍ ഒമാന്‍ കൃഷി മല്‍സ്യ ജലവിഭവ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍   വാദികള്‍  മുറിച്ചു കടക്കുന്നത്  സുരക്ഷാ നിര്‌ദേശം അനുസരിച്ചു ആയിരിക്കണമെന്നും  സിവില്‍ ഏവിയേഷന്‍  അതോറിറ്റി  അറിയിച്ചിട്ടുണ്ട്.

ഒമാന്‍ ദേശീയ ദുരന്തനിവാരണ സമിതിയുടെ കേന്ദ്രത്തില്‍ നിന്നുള്ള ഏറ്റവും പുതിയതും പുതുക്കിയതുമായ അറിയിപ്പുകള്‍ പൊതുജനങ്ങള്‍ പിന്തുടരണമെന്നും സമതി ആവശ്യപ്പെട്ടിട്ടുണ്ട് .


 

click me!