
റിയാദ്: അവധിക്ക് നാട്ടിൽ പോയപ്പോൾ കൊവിഡ് ബാധിച്ചു മരിച്ച കൊല്ലം കുരീപ്പുഴ തറയിൽ ഷെഫീഖ് കുരീപ്പുഴയുടെ കുടുംബത്തിന് ദമ്മാമിലെ നവയുഗം സാംസ്‍കാരികവേദി ധനസഹായം നൽകി. ദമ്മാം അമാംമ്ര യൂണിറ്റ് കമ്മിറ്റി ഭാരവാഹിയായിരുന്നു ഷെഫീഖ്. ഷെഫീഖിന്റെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ സി.പി.ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി കെ. പ്രകാശ് ബാബു ധനസഹായം ഷെഫീഖിന്റെ മകൻ ഫിർദൗസിന് കൈമാറി.
നവയുഗം കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ അധ്യക്ഷത വഹിച്ചു. നവയുഗം നേതാക്കളായ അബ്ദുൽ ലത്തീഫ് മൈനാഗപ്പള്ളി, റെജിലാൽ, ചാക്കോജോൺ, സി.പി.ഐ കൊല്ലം സിറ്റി കമ്മിറ്റി സെക്രട്ടറി അഡ്വ. എ. രാജീവ്, സി.പി.ഐ നേതാക്കളായ ബി. ശങ്കർ, ആർ. ബാലചന്ദ്രൻ, എം. മനോജ് കുമാർ, ജി. രാജ്‌മോഹൻ, വിശ്വനാഥൻ, കേരള പ്രവാസി ഫെഡറേഷൻ നേതാക്കളായ യേശുദാസ് മൈനാഗപ്പള്ളി, താജുദ്ദീൻ മസൂദ്, ബി. ഷാജഹാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
25 വർഷമായി സൗദി അറേബ്യയിൽ പ്രവാസി ആയിരുന്ന ഷെഫീഖ്, കഴിഞ്ഞ ഫെബ്രുവരിയിലാണ് അവധിക്ക് നാട്ടിൽ പോയത്. തിരികെ വരാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് കൊവിഡ് രോഗം പിടിപെട്ടത്. ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സിച്ചെങ്കിലും ക്രമേണ രോഗം മൂർച്ഛിച്ചു മരണം സംഭവിക്കുകയായിരുന്നു. ഷെഫീഖിന്റെ കുടുംബത്തെ സഹായിക്കാനായി നവയുഗം കേന്ദ്രകമ്മിറ്റി തീരുമാനപ്രകാരമാണ് ധനസഹായം സ്വരൂപിച്ചു കൈമാറിയത്. നൂർജഹാനാണ് ഷഫീഖിന്റെ ഭാര്യ. ഫിർദൗസ്, ജന്നത്ത്, ഫവാസ് എന്നിവർ മക്കളും, ഷിഹാബുദീൻ, ഫാത്തിമ എന്നിവർ മരുമക്കളുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam