റിയാദിൽ ലോകോത്തര നിലവാരത്തിൽ 100 കോടി റിയാൽ മുതൽ മുടക്കിൽ കൂറ്റൻ ആശുപത്രി നിർമ്മിക്കുന്നു; പങ്കാളിത്ത കരാർ ഒപ്പുവെച്ചു

Published : Aug 28, 2026, 05:02 PM IST
agreement signed

Synopsis

സൗദിയുടെ സ്വപ്ന നഗരമായ 'ന്യൂ മുറബ്ബ'യിൽ 100 കോടി റിയാൽ മുതൽമുടക്കിൽ പുതിയ ജനറൽ ആശുപത്രി നിർമ്മിക്കുന്നു. ന്യൂ മുറബ്ബ ഡെവലപ്‌മെൻറ് കമ്പനിയും അൽ മാന മെഡിക്കൽ ഗ്രൂപ്പും ചേർന്നുള്ള ഈ പദ്ധതിയിൽ 200 കിടക്കകളും അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമുണ്ടാകും. '

റിയാദ്: സൗദി അറേബ്യയുടെ സ്വപ്ന നഗര പദ്ധതിയായ ‘ന്യൂ മുറബ്ബ’യിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ജനറൽ ആശുപത്രി നിർമിക്കുന്നു. സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന് കീഴിലുള്ള ന്യൂ മുറബ്ബ ഡെവലപ്‌മെൻറ് കമ്പനിയും പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ അൽ മാന മെഡിക്കൽ ഗ്രൂപ്പും തമ്മിലാണ് ഇത് സംബന്ധിച്ച പങ്കാളിത്ത കരാർ ഒപ്പുവെച്ചത്.

ഏകദേശം 100 കോടി റിയാൽ മുതൽമുടക്കിൽ നിർമിക്കുന്ന ഈ ആശുപത്രി, പ്രദേശത്ത് വരാനിരിക്കുന്ന വൻകിട നിക്ഷേപ സംരംഭങ്ങളിലെ ആദ്യത്തേതാണ്. ലോകോത്തര നിലവാരത്തിലുള്ള സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും, തന്ത്രപ്രധാന പങ്കാളികളെ ആകർഷിക്കാനുമുള്ള ന്യൂ മുറബ്ബയുടെ ശേഷിക്കും നിക്ഷേപകർക്ക് ഈ പദ്ധതിയിലുള്ള വലിയ വിശ്വാസത്തിനുമുള്ള തെളിവാണ് പുതിയ സംരംഭം.

ആധുനിക രീതിയിൽ നിർമിക്കുന്ന ഈ ആശുപത്രിയിൽ 200 കിടക്കകളാണുണ്ടാവുക. അടിയന്തര ചികിത്സ നൽകുന്ന എമർജൻസി ആൻഡ് ട്രോമ കെയർ, ഫാമിലി മെഡിസിൻ, കുട്ടികളുടെയും നവജാതശിശുക്കളുടെയും സംരക്ഷണത്തിനായുള്ള പീഡിയാട്രിക്‌സ് ആൻഡ് നിയോനേറ്റോളജി, അസ്ഥിരോഗ വിഭാഗം, ഹൃദ്രോഗ വിഭാഗം, നാഡീവ്യൂഹ രോഗവിഭാഗം തുടങ്ങി ഒട്ടനവധി പ്രധാന ചികിത്സാ വിഭാഗങ്ങളും സേവനങ്ങളും ഇവിടെ ലഭ്യമാകും. രാജ്യത്തിെൻറ ‘ഹെൽത്ത് കെയർ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം,’ ‘ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം’ എന്നിവയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനും, ഒരു ആധുനിക നഗരത്തിൽ ജനങ്ങൾക്ക് ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിനും ഈ പദ്ധതി സഹായിക്കും.

2,80,000-ത്തിലധികം ആളുകൾക്ക് താമസിക്കാൻ കഴിയുന്ന രീതിയിലാണ് ‘ന്യൂ മുറബ്ബ’ എന്ന സമഗ്ര നഗരം രൂപകൽപ്പന ചെയ്യുന്നത്. ആശുപത്രികൾ, സ്കൂളുകൾ, മറ്റ് പൊതുസേവനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്ന വലിയൊരു സംവിധാനമാണിത്. പുതിയ ആശുപത്രി വരുന്നതോടെ ഇവിടെ താമസിക്കുന്നവർക്കും സന്ദർശകർക്കും ആവശ്യമായ ഭാവി ആരോഗ്യ സംരക്ഷണം പൂർണമായി ഉറപ്പാക്കാൻ സാധിക്കും. താമസസ്ഥലത്തുനിന്ന് ഇറങ്ങിയാൽ വെറും 15 മിനിറ്റിനുള്ളിൽ അവശ്യ സേവനങ്ങളെല്ലാം ലഭ്യമാകുന്ന ‘15-മിനിറ്റ് കമ്യൂണിറ്റി’ എന്ന ആശയത്തിലാണ് പദ്ധതിയുടെ ഓരോ അയൽപക്കങ്ങളും വികസിപ്പിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യമേഖല.

രൂപകൽപ്പന ഘട്ടം പൂർത്തിയായി നിർമാണ ഘട്ടത്തിലേക്ക് കടക്കുന്ന ന്യൂ മുറബ്ബയിൽ വരും മാസങ്ങളിൽ പ്രഖ്യാപിക്കാനിരിക്കുന്ന തന്ത്രപ്രധാന നിക്ഷേപങ്ങളിൽ ആദ്യത്തേതാണ് ഈ ആശുപത്രി പദ്ധതി എന്ന് ന്യൂ മുറബ്ബ ആക്ടിങ് സി.ഇ.ഒ എൻജി. സബാഹ് ബറകാത് പറഞ്ഞു. പ്രദേശത്തെ താമസക്കാരുടെ ജീവിതനിലവാരം ഉയർത്താനും സൗദിയുടെ ആരോഗ്യമേഖലയെ കൂടുതൽ ശക്തിപ്പെടുത്താനും ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വെറുമൊരു റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനപ്പുറം, ആരോഗ്യമേഖലയിലുള്ള തന്ത്രപ്രധാനമായ വലിയൊരു മുന്നേറ്റമാണിതെന്ന് അൽ മാന മെഡിക്കൽ ഗ്രൂപ്പ് സി.ഇ.ഒ അവാദ് അൽ ഒമരി ചൂണ്ടിക്കാട്ടി. ഈ പദ്ധതിയിലെ ആദ്യകാല നിക്ഷേപകരിലും പങ്കാളികളികളിലും ഒരാളാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൂതന സൗകര്യങ്ങൾ നൽകിയും ശക്തമായ പങ്കാളിത്തങ്ങൾ ഉറപ്പാക്കിയും ദീർഘകാല സാമ്പത്തിക മൂല്യവും സുസ്ഥിര വളർച്ചയും കൈവരിക്കുന്ന ഒരു ലോകോത്തര നഗരമാക്കി ന്യൂ മുറബ്ബയെ മാറ്റുകയാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഇന്ത്യക്കാരൻ മരിച്ചു, അന്വേഷണം ആരംഭിച്ച് പൊലീസ്
കുവൈത്ത് സർക്കാർ ആശുപത്രിയിൽ വ്യാജ സ്റ്റാമ്പ് തട്ടിപ്പ്; ഈജിപ്ഷ്യൻ സുരക്ഷാ ജീവനക്കാരനും സ്വദേശി വനിതയും അറസ്റ്റിൽ