പെണ്‍വേഷം കെട്ടി 11കാരനെ പീഡിപ്പിച്ച് കൊന്ന യുവാവിന്റെ വധശിക്ഷ യുഎഇ കോടതി ശരിവെച്ചു

By Web TeamFirst Published Dec 27, 2018, 12:16 PM IST
Highlights

2017 മേയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാകിസ്ഥാന്‍കാരനായ 11 വയസുകാരനെ ബന്ധുവായ യുവാവ് തന്നെയാണ് കൊലപ്പെടുത്തിയത്. റമദാന്‍ മാസത്തില്‍ പള്ളിയില്‍ നിന്ന് മടങ്ങിവരികയായിരുന്ന ബാലനെ വഴിയില്‍ വെച്ച് കാണാതാവുകയായിരുന്നു. മൂന്ന് ദിവസത്തെ തെരച്ചിലിനൊടുവില്‍ കുട്ടിയും പിതാവും രണ്ടാനമ്മയും താമസിച്ചിരുന്ന വീടിന്റെ മുകളില്‍ മൃതദേഹം കണ്ടെത്തുത്തി. 

അബുദാബി: 11 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസില്‍ പാകിസ്ഥാന്‍ പൗരന്റെ വധശിക്ഷ അബുദാബി പരമോന്നത കോടതി ശരിവെച്ചു. കൊലപാതകം, പീഡനം എന്നിങ്ങനെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തപ്പെട്ട പ്രതിക്ക് നേരത്തെ അബുദാബി ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ആദ്യം നല്‍കിയ അപ്പീല്‍ തള്ളിയതിനെ തുടര്‍ന്നാണ് പ്രതി പരമോന്നത കോടതിയെ സമീപിച്ചത്. 19 മാസം നീണ്ട വിചാരണയ്ക്കൊടുവിലാണ് കേസില്‍ അന്തിമ വിധി.

2017 മേയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാകിസ്ഥാന്‍കാരനായ 11 വയസുകാരനെ ബന്ധുവായ യുവാവ് തന്നെയാണ് കൊലപ്പെടുത്തിയത്. റമദാന്‍ മാസത്തില്‍ പള്ളിയില്‍ നിന്ന് മടങ്ങിവരികയായിരുന്ന ബാലനെ വഴിയില്‍ വെച്ച് കാണാതാവുകയായിരുന്നു. മൂന്ന് ദിവസത്തെ തെരച്ചിലിനൊടുവില്‍ കുട്ടിയും പിതാവും രണ്ടാനമ്മയും താമസിച്ചിരുന്ന വീടിന്റെ മുകളില്‍ മൃതദേഹം കണ്ടെത്തുത്തി. കുട്ടിയുടെ ബന്ധു കൂടിയായ പാകിസ്ഥാന്‍ പൗരന്‍ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തില്‍ കയര്‍ മുറുക്കികൊല്ലുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. കുട്ടിയെ ആക്രമിക്കാനായി ഇയാള്‍ നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ പെണ്‍വേഷം ധരിച്ചാണ് എത്തിയതെന്നും പള്ളിയില്‍ നിന്ന് വരുന്ന വഴി കുട്ടിയെ വീടിന് മുകളിലേക്ക് പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി. 

അപ്പീല്‍ കോടതിയിലും പരമോന്നത കോടതിയിലും പ്രതി തനിക്കെതിരെ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും നിഷേധിച്ചു. സംഭവ ദിവസം താന്‍ അബുദാബിയില്‍ ഇല്ലായിരുന്നെന്നും തനിക്കെതിരായ കുറ്റങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും ഇയാള്‍ വാദിച്ചു. എന്നാല്‍ വാദങ്ങള്‍ തെളിയിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല പൊലീസ് കണ്ടെത്തിയ തെളിവുകളെല്ലാം പ്രതിക്കെതിരായിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടുകളും സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ മാനസിക നില പരിശോധിച്ച റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കി. കുട്ടിയുടെ കഴുത്ത് മുറുക്കിയ കയറില്‍ നിന്ന് പ്രതിയുടെ വിരലടയാളവും ലഭിച്ചിരുന്നു.

കേസിന്റെ അന്തിമ വിധി പ്രസ്താവിച്ചപ്പോള്‍ കുട്ടിയുടെ അച്ഛനും മുത്തച്ഛനും കോടതിയില്‍ സന്നിഹിതരായിരുന്നു. വിധിക്കായി മാസങ്ങളോളം കാത്തിരിക്കുകയായിരുന്നുവെന്നും ഒടുവില്‍ തങ്ങള്‍ക്ക് നീതി ലഭിച്ചുവെന്നും അച്ഛന്‍ പ്രതികരിച്ചു. തന്റെ മകനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ തന്നെ ലഭിക്കണമെന്നായിരുന്നു ആഗ്രഹം. മകന്റെ മരണം തന്റെ കുടുംബത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. നീതി തേടിയാണ് കാത്തിരുന്നത്. ഒടുവില്‍ ആ നീതി തങ്ങള്‍ക്ക് ലഭിച്ചുവെന്ന് അദ്ദേഹം പറ‍ഞ്ഞു.

പാകിസ്ഥാന്‍ പൗരന്റെ ആദ്യ ഭാര്യയിലെ മകനാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കളുടെ വിവാഹ മോചനത്തിന് ശേഷം അച്ഛനൊപ്പമാണ് കുട്ടി താമസിച്ച് വന്നിരുന്നത്. റഷ്യക്കാരിയായ അമ്മ മകനെ കാണാന്‍ അബുദാബിയിലുണ്ടായിരുന്ന ദിവസമാണ് കൊലപാതകം നടന്നതും. കേസില്‍ പ്രതിയുടെ വധശിക്ഷാവിധി പരമോന്നത കോടതി ശരിവെച്ചപ്പോള്‍ അമ്മയും കോടതി മുറിയിലുണ്ടായിരുന്നു.

click me!